മൂസ് ജോ: സസ്കാച്ചവൻ പ്രവിശ്യയിലുള്ള മൂസ് ജോ നഗരം 2026-ലേക്കുള്ള റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP) പദ്ധതിയുടെ മുൻഗണനാ പട്ടിക പുറത്തുവിട്ടു. വിദേശ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) വഴിയൊരുക്കുന്ന ഈ പദ്ധതിയിൽ ഇത്തവണ ആരോഗ്യ മേഖലയെക്കൂടി ഉൾപ്പെടുത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇതോടെ ബിസിനസ്, ഫിനാൻസ്, സെയിൽസ് ആൻഡ് സർവീസ്, ട്രേഡ്സ്, മാനുഫാക്ചറിംഗ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ ആറ് മേഖലകളിലായി ജോലി ചെയ്യുന്നവർക്ക് പിആർ ലഭിക്കാൻ എളുപ്പമാകും.
പുതുക്കിയ പട്ടികയിൽ ഏഴ് പുതിയ തൊഴിലുകൾ ഉൾപ്പെടെ ആകെ 25 തസ്തികകൾക്കാണ് മുൻഗണന നൽകുന്നത്. അക്കൗണ്ടിംഗ് ടെക്നീഷ്യൻമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, കുക്കുമാർ, നഴ്സ് എയ്ഡുമാർ എന്നിവർക്കൊപ്പം ബാങ്കിംഗ് ക്ലർക്കുമാർ, ഹോട്ടൽ ഫ്രണ്ട് ഡെസ്ക് ജീവനക്കാർ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ തുടങ്ങിയ പുതിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും ഇനി അപേക്ഷിക്കാം. മൂസ് ജാ നഗരപരിധിയിലുള്ള അംഗീകൃത തൊഴിലുടമയിൽ നിന്ന് ഈ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം ലഭിക്കുന്നവർക്ക് മാത്രമേ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. കൂടാതെ ജോലിയുടെ സ്വഭാവത്തിനനുസരിച്ചുള്ള ശമ്പളവും അപേക്ഷകർക്ക് ഉറപ്പാക്കിയിരിക്കണം.
പിആർ അപേക്ഷയ്ക്കായി ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമായ ഭാഷാ നൈപുണ്യവും (CLB) വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കേണ്ടതുണ്ട്. 2026 മാർച്ച് മുതൽ ഡിസംബർ വരെയുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഓരോ മാസവും നിശ്ചയിച്ചിട്ടുള്ള അഞ്ചു ദിവസത്തെ ഇടവേളകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ആദ്യം വരുന്ന 12 പേർക്ക് വീതമാണ് കമ്മ്യൂണിറ്റി റെക്കമെൻഡേഷൻ നൽകുന്നത്. കാനഡയിലെ സ്ഥിരതാമസം ലക്ഷ്യമിടുന്നവർക്ക് ഈ പുതിയ മാറ്റങ്ങൾ വലിയ അവസരമാണ് തുറന്നു നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Moose Jaw RCIP facilitates PR for workers in these priority sectors and occupations



