മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് പുതിയ മുന്നറിയിപ്പ് നൽകി. പ്രവിശ്യയുടെ സാമ്പത്തിക ഔട്ട്‌ലുക്ക് ‘സ്റ്റേബിൾ’ എന്നതിൽ നിന്നും ‘നെഗറ്റീവ്’ ആയി മൂഡീസ് തരംതാഴ്ത്തി. ഇതോടൊപ്പം പ്രവിശ്യയുടെ ബേസ്‌ലൈൻ ക്രെഡിറ്റ് അസസ്‌മെന്റ് AA2-ൽ നിന്നും AA3 ആയും കുറച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വവും ആഗോള സാമ്പത്തിക സമ്മർദ്ദവും ന്യൂ ബ്രൺസ്‌വിക്കിന്റെ വരുമാനത്തെയും സാമ്പത്തിക വളർച്ചയെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടിയെന്ന് മൂഡീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അമേരിക്കൻ താരിഫുകളും ഫെഡറൽ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ മൂലം ജനസംഖ്യാ വളർച്ചയിലുണ്ടായ കുറവും വരുമാനത്തെ ബാധിക്കുമെന്ന് ഏജൻസി വിലയിരുത്തി. സർക്കാരിന്റെ ചിലവുകൾ കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അത് സാമ്പത്തിക ഭദ്രതയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026-ലെ ബജറ്റിൽ 1.4 ബില്യൺ ഡോളറിന്റെ റെക്കോർഡ് കമ്മി പ്രവചിക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്ന് വർഷം ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത് പ്രവിശ്യയുടെ സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്ക്കുമെന്ന് മൂഡീസ് വ്യക്തമാക്കി. കൂടാതെ എൻബി പവറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.
മൂഡീസിന്റെ പുതിയ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായി ന്യൂ ബ്രൺസ്‌വിക് ധനമന്ത്രി റെനെ ലെഗസി അറിയിച്ചു. സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും ചിലവുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ റേറ്റിംഗ് ഏജൻസി നിരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന പൂർണ്ണരൂപത്തിലുള്ള റിപ്പോർട്ട് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോൾട്ട് ലിബറൽ സർക്കാരിന്റെ ബജറ്റ് കമ്മി പ്രവചനങ്ങളുടെ സ്വാഭാവികമായ ഫലമാണ് ഈ തരംതാഴ്ത്തലെന്ന് പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎ ഡോൺ മൊണാഹൻ പ്രതികരിച്ചു. നേരത്തെ മാർച്ചിൽ ബ്രിട്ടീഷ് കൊളംബിയയുടെ റേറ്റിംഗും മൂഡീസ് കുറച്ചിരുന്നു.
Moody’s releases new report on New Brunswick’s financial condition
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



