കാനഡ മോൺട്രിയലിൽ ഒരു സ്ത്രീയുടെ മൃതദേഹം ആറ് മാസത്തോളം വീട്ടിൽ സൂക്ഷിച്ച രണ്ടുപേർ കുറ്റസമ്മതം നടത്തി. സഹോദരന്മാരായ നിക്കോഡെമോയും ഫ്രാൻസെസ്കോ സാൻസലോണുമാണ് പ്രതികൾ. അലാസി തുകിയാപിക്കി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടിലെ സോഫയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അലാസിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുടെ വീട്ടിലെത്തിയപ്പോൾ ലിവിംഗ് റൂമിനുള്ളിൽ, ഒരു പുതപ്പ് കൊണ്ട് പൊതിഞ്ഞ, കാലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പ്രതികളിൽ ഒരാളായ ഫ്രാൻസെസ്കോ സാൻസലോൺ തുകിയാപിക്കുമായി ബന്ധത്തിലായിരുന്നുവെന്നും അവർ ഒരുമിച്ചാണ് താമസിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രക്ത സ്രാവത്തെ തുടർന്നാണ് അവർ മരിച്ചതെന്നും അതിന് ശേഷം അവളുടെ നെഞ്ചിൽ ഒരു പുഷ്പം വെച്ച് സോഫയിൽ കിടത്തിയെന്നും പ്രതികൾ മൊഴി നൽകി. ദുർഗന്ധം അകറ്റാൻ പെർഫ്യൂം സ്പ്രേ ഉപയോഗിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
മരണകാരണം നിർണ്ണയിക്കാൻ പാത്തോളജിസ്റ്റിന് കഴിഞ്ഞില്ല, പക്ഷേ പോസ്റ്റ്മോർട്ടത്തിൽ ഒടിവുകളുടെയോ കാര്യമായ ആഘാതകരമായ പരിക്കുകളുടെയോ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.



