കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) വിടവാങ്ങി. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. നിയമസഭ മുൻ സെക്രട്ടറി പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേലാൽ ആണ് മൂത്ത മകൻ.പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്.
അമ്മയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച വാക്കുകൾ എന്നും മലയാളികൾക്ക് വിങ്ങലായിരുന്നു. വാക്കിനേക്കാൾ ഉപരി കണ്ണുകളിലൂടെയും സ്പർശനത്തിലൂടെയും അമ്മയും മകനും നടത്തിയിരുന്ന സംഭാഷണങ്ങൾ സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു. “അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെങ്കിലും കണ്ണുകളിലൂടെ ഞങ്ങൾ പരസ്പരം മിണ്ടാറുണ്ട്” എന്ന് ലാൽ ഒരിക്കൽ കുറിച്ചിരുന്നു. മകൻ തനിക്ക് ഉരുള നൽകുന്ന ആ നിമിഷങ്ങളിൽ ജീവിതത്തിന്റെ ഒരു പൂർണ്ണത താൻ അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തിടെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തേടിയെത്തിയപ്പോൾ മോഹൻലാൽ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലേക്കായിരുന്നു. അമ്മയുടെ അവസാന പിറന്നാൾ പ്രിയപ്പെട്ടവർക്കൊപ്പം ലാൽ ആഘോഷമാക്കിയിരുന്നു. പ്രണവ് മോഹൻലാൽ, സുചിത്ര തുടങ്ങിയ കുടുംബാംഗങ്ങൾക്കൊപ്പം മേജർ രവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയ സുഹൃത്തുക്കളും അന്ന് കൂടെയുണ്ടായിരുന്നു.
നാളെ കൊച്ചിയിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വേർപാടിൽ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mohanlal’s mother Shanthakumari Amma passes away



