പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഖലീഫയിൽ സൂപ്പർതാരം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറക്കൽ അഹമ്മദ് അലിയെക്കുറിച്ച് പരാമർശിച്ചിരുന്നുവെങ്കിലും, ആ വേഷം ആരു ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ മോഹൻലാൽ ഈ ചരിത്രപ്രാധാന്യമുള്ള കഥാപാത്രമായി എത്തുമെന്ന വാർത്ത ആരാധകർക്ക് ആവേശമായിരിക്കുകയാണ്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകസ്ഥാനത്ത് എത്തുക. ആദ്യ ഭാഗത്തിലെ നായകനായ ആമിർ അലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിൽ പ്രധാന താരനിരയിലുണ്ടാകും. ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഗ്ലിമ്പ്‌സ് വീഡിയോ ഒരുക്കിയിരുന്നത്.
പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്. ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിലാണ് ചിത്രീകരണം ആരംഭിച്ചത്. ഖലീഫയുടെ ആദ്യ ഭാഗം 2026-ലെ ഓണം റിലീസായാണ് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mohanlal as Mambarakkal Ahmed Ali; Prithviraj releases a big update on ‘Khalifa’


