ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% അധിക താരിഫ് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യങ്ങൾക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനായി എന്ത് വില കൊടുക്കാനും രാജ്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി. ട്രംപിന്‍റെ അധിക താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ യുദ്ധത്തിന് സഹായം നൽകുന്നു എന്നാരോപിച്ച് ഇന്ത്യയ്ക്ക് 25% അധിക താരിഫ് ചുമത്തുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവെച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച 25% പകരച്ചുങ്കം കൂടി ചേരുമ്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് 50 ശതമാനമായി ഉയർന്നു. ഈ തീരുമാനം ഇന്നും അധിക താരിഫ് 21 ദിവസത്തിനകവും പ്രാബല്യത്തിൽ വരും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഒരു സമവായം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നൽകിയിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ രാജ്യത്തിന്റെ ശക്തമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. ”രാജ്യത്തെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്”, പ്രധാനമന്ത്രി പറഞ്ഞു.
ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ഇന്ത്യ, രാജ്യതാത്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയുടെ സ്വയം പര്യാപ്തതയും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ വീണ്ടും ഉറപ്പിക്കുകയാണ്. അമേരിക്കയുമായി നിലനിൽക്കുന്ന വാണിജ്യപരമായ ഭിന്നതകൾ രൂക്ഷമാകുമ്പോഴും, തങ്ങളുടെ കർഷക സമൂഹത്തിന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിനും മുൻഗണന നൽകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ സംഭവവികാസങ്ങൾ വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര ബന്ധങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.



