മോൺട്രിയലിൽ നിന്ന് ഞായറാഴ്ച കാണാതായ ക്ലെയർ ബെല്ലെന്ന മൂന്നുവയസുകാരിയെ കണ്ടെത്തിയതായി ക്യൂബെക്ക് പ്രവിശ്യാ പോലീസ് അറിയിച്ചു. ഒന്റാറിയോയിലെ സെന്റ് ആൽബർട്ടിന് സമീപമുള്ള ഹൈവേ 417 ന്റെ അരികിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പ്രഥമശുശ്രൂഷയും വെള്ളവും ഭക്ഷണം നൽകിയെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയെ കാണാതായ ദിവസം ഒന്റാറിയോയിലെ കാസൽമാൻ, സെന്റ് ആൽബർട്ട് എന്നിവയ്ക്ക് സമീപം കണ്ടതായി ചില സൂചനകൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ക്ലെയർ ബെല്ലിനെ സുരക്ഷിതയായി കണ്ടെത്തി എന്നറിഞ്ഞതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
അതേസമയം, കുട്ടിയെ ഉപേക്ഷിച്ചെന്ന കുറ്റത്തിന് അമ്മ റേച്ചൽ-എല്ല ടോഡ് കോടതിയുൽ ഹാജരായതിന് മിനിറ്റുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ അമ്മ അറസ്റ്റിലായത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നതിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.



