ഇസ്രയേലിനെതിരെ ഇറാന്റെ തിരിച്ചടിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ഇറാന്റെ ശക്തമായ തിരിച്ചടിക്ക് ശേഷം മുതിർന്ന ഇറാനിയൻ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ജറുസലേം അടക്കം ഇസ്രായേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുകയും വടക്കൻ ഇസ്രായേലിലെ നിരവധി നഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൻ മുഴങ്ങുകയും ചെയ്തു.
നാലോളം മിസൈലുകൾ ടെൽഅവീവിലും ഹെർസലയിലും നേരിട്ട് പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീരദേശ നഗരമായ ഹേർസിയയിലെ ഒരു എട്ടുനില കെട്ടിടത്തിനും യാത്രക്കാരില്ലാത്ത ബസിനും മിസൈലുകൾ തട്ടുകയുണ്ടായി. ഇസ്രായേലി പൊലീസിന്റെ പ്രസ്താവനയനുസരിച്ച് മിസൈലുകളും ചിതറിയ ഭാഗങ്ങളും ടെൽഅവീവിലും പരിസരങ്ങളിലും പതിച്ചെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ആൾഅപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാനും അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും ആവശ്യപ്പെട്ടു.
സമാന്തരമായി ഇറാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ ടബ്രിസിലും സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിന്റെ ഖാതമിലെ അൽ-അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ തലവൻ അലി ഷദ്മാനിയെ തെഹ്റാനിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടത്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളും പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായിയുമായ വ്യക്തിയുടെ വധം സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഈ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നദാൻസ് ആണവകേന്ദ്രത്തിന് സമീപം ഇസ്രായേലി ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ വാർത്താ ഏജൻസിയായ എഫ്എആർഎസ് റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ പ്രവിശ്യയിലെ നദാൻസ് ആണവകേന്ദ്രത്തിന്റെ ഓപ്പറേഷൻ ഏരിയയ്ക്കുള്ളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രായേലി ഡ്രോൺ വെടിവെച്ചതായാണ് റിപ്പോർട്ട്. അതേസമയം ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബോംബ് കൈവശമുള്ള ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് യുഎസിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ ഇപ്പോൾ ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. തെഹ്റാനിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചിരിക്കുന്നു.


