സൈപ്രസ്: ഇറാൻ – ഇസ്രായേൽ യുദ്ധം ശക്തമായതോടെ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളമായ ആർ.എ.എഫ് അക്രോതിരി (RAF Akrotiri) ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൈപ്രസിന്റെ ദിശയിലേക്ക് വിക്ഷേപിക്കപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഈ മിസൈലുകൾ നേരിട്ട് സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചതാണോ അതോ അതിനടുത്തുകൂടി കടന്നുപോയതാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. എങ്കിലും ഏത് സാഹചര്യത്തെയും നേരിടാൻ ബ്രിട്ടീഷ് വ്യോമസേന സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടന്റെ സൈനിക സാന്നിധ്യമുള്ള ബഹ്റൈനിലും ഇറാന്റെ മിസൈലുകളും ഡ്രോണുകളും പതിച്ചതായാണ് വിവരം. ഇവിടെ നിലയുറപ്പിച്ചിരുന്ന മുന്നൂറോളം ബ്രിട്ടീഷ് സൈനികർ ആക്രമണ ഭീഷണിയിലാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇസ്രായേലിനും അമേരിക്കയ്ക്കും പുറമെ അവരുടെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ മിക്ക വ്യോമപാതകളും താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള 440-ലധികം വിമാന സർവീസുകൾ ഇന്ന് (മാർച്ച് 1) റദ്ദാക്കി. യാത്രക്കാർക്ക് വലിയ ദുരിതമാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സൈപ്രസ് വഴി യാത്ര പ്ലാൻ ചെയ്യുന്നവരും അവിടെ ബന്ധുക്കളുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മേഖലയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran-Israel conflict intensifies: Missile attack on British military base in Cyprus



