ടെഹ്റാൻ: പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ തന്ത്രപ്രധാനമായ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. മുൻ പാർലമെന്റ് സ്പീക്കർ അലി ലാരീജാനിയുടെ വധത്തെത്തുടർന്ന് ഇറാൻ്റെ നയതന്ത്ര വാതിലുകൾ ഓരോന്നായി അടയുന്നതിനിടെയാണ് രാജ്യത്തെ സാമ്പത്തിക നട്ടെല്ലായ പ്രകൃതിവാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇറാനിലെ ബുഷെഹർ പ്രവിശ്യയിലെയും സൗത്ത് പാർസിലെയും പ്രകൃതിവാതക നിലയങ്ങൾക്ക് നേരെയാണ് വ്യാഴാഴ്ച പുലർച്ചെയോടെ ഇസ്രയേലി യുദ്ധവിമാനങ്ങൾ മിസൈൽ വർഷിച്ചത്. ബുഷെഹറിലെ പ്രധാന വാതക വിതരണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിലൊന്നായ സൗത്ത് പാർസ് മേഖലയിലുണ്ടായ സ്ഫോടനങ്ങൾ ആഗോള ഊർജ വിപണിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലാരീജാനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ, പ്രതിരോധ നീക്കമെന്ന നിലയിലാണ് ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗത്ത് പാർസ് മേഖലയിലെ ആക്രമണത്തിൽ അയൽരാജ്യമായ ഖത്തർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഖത്തറിന്റെ നോർത്ത് ഫീൽഡുമായി ചേർന്നു കിടക്കുന്ന വാതക പാടമായതിനാൽ മേഖലയിലെ സുരക്ഷാ ഭീഷണിയെ ഖത്തർ ഗൗരവമായാണ് കാണുന്നത്. ഇസ്രയേലിന്റെ നടപടി അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. സിവിലിയൻമാരുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോള ഊർജ സുരക്ഷയെ തകിടം മറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അലി ലാരീജാനിയുടെ കൊലപാതകത്തോടെ ഇസ്രയേലുമായി നിലനിന്നിരുന്ന പരോക്ഷ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയതന്ത്രജ്ഞൻ എന്ന നിലയിൽ ലാരീജാനി വഹിച്ചിരുന്ന പങ്ക് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ തിരിച്ചടി നൽകാൻ ഇറാൻ സൈനിക വിഭാഗമായ ഐ.ആർ.ജി.സിക്ക് മേൽ സമ്മർദ്ദം ഏറുകയാണ്. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ടെഹ്റാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
middle-east-conflict-war-iran-us-isarel-gulf-countries-updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



