ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതോടെ മൂന്ന് മലയാളികൾ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ തുടരുന്നത്. അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈറ്റിലേക്ക് എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇവരോടൊപ്പം മറ്റ് അഞ്ച് ഇന്ത്യക്കാരും ഇതേ വിമാനത്തിലുണ്ടായിരുന്നതായി നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ വ്യോമാതിർത്തികൾ അടച്ചതാണ് വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കാൻ കാരണമായത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പലതും തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്. നിലവിൽ കറാച്ചി വിമാനത്താവളത്തിൽ കഴിയുന്ന യാത്രക്കാരുടെ സുരക്ഷയും തുടർന്നുള്ള യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ നോർക്ക റൂട്ട്സ് വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൊളംബോ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സാധ്യതകളാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പരിശോധിക്കുന്നത്. ഗൾഫ് മേഖലയിലെ സംഘർഷം മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസി മലയാളികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നോർക്ക പ്രത്യേക ഹെൽപ്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യാത്രക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Middle East conflict: Flight diverted; Three Malayalis stranded in Karachi



