ന്യൂഡൽഹി: ആഗോള തൊഴിൽ വിപണിയിൽ AI ചെലുത്തുന്ന സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വർഷത്തിൽ ഏറ്റവുമധികം വെല്ലുവിളി നേരിടാൻ സാധ്യതയുള്ള തൊഴിലുകളുടെ പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്. 2026-ഓടെ വിവിധ മേഖലകളിൽ മനുഷ്യ അധ്വാനത്തിന് പകരമായി എഐ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.
ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജോലിയിലെ വേഗത, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങൾ അതിവേഗം പരിശോധിക്കാനും കൃത്യമായി ആശയവിനിമയം നടത്താനുമുള്ള എഐയുടെ മികവ്, നിലവിലുള്ള പല സാധാരണ ജോലികൾക്കും ഭീഷണിയായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിഭാഷകർ, എഴുത്തുകാർ, എഡിറ്റർമാർ, പ്രൂഫ് റീഡർമാർ, വാർത്താ റിപ്പോർട്ടർമാർ എന്നിവരുൾപ്പെടെയുള്ള മാധ്യമ-സാഹിത്യ മേഖലയിലുള്ളവർക്ക് എഐ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ കസ്റ്റമർ സർവീസ്, ടെലി മാർക്കറ്റിംഗ്, ട്രാവൽ ഏജന്റുമാർ, ടിക്കറ്റ് ഏജന്റുമാർ തുടങ്ങിയ സേവന മേഖലകളിലും നിർമിതബുദ്ധിയുടെ സ്വാധീനം ശക്തമാകും. വിവരശേഖരണവും വിശകലനവും പ്രധാനമായ അക്കൗണ്ടിംഗ്, ഡാറ്റാ സയൻസ്, മാർക്കറ്റ് റിസർച്ച് എന്നീ മേഖലകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സാങ്കേതിക മേഖലയിലെ വെബ് ഡെവലപ്പർമാർ, ടെക്നിക്കൽ റൈറ്റർമാർ എന്നിവർക്കും വരും വർഷങ്ങളിൽ തൊഴിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് മൈക്രോസോഫ്റ്റ് നൽകുന്ന സൂചന. അധ്യാപനം, സെയിൽസ് പ്രൊമോട്ടർമാർ, ബിസിനസ്സ് രീതികൾ വിലയിരുത്തുന്നവർ തുടങ്ങിയ മേഖലകളിലും എഐയുടെ കടന്നുകയറ്റം പ്രകടമാകും.
മനുഷ്യനേക്കാൾ വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ നിർമിതബുദ്ധിക്ക് (AI) സാധിക്കുന്നത് തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ‘എഐയുടെ പിതാവ്’ എന്നറിയപ്പെടുന്ന ജൊഫ്രി ഹിന്റണും മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ലയും മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെക്കുന്ന കാര്യങ്ങളാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
മാറുന്ന സാഹചര്യത്തിനനുസരിച്ച് പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുകയും ജോലിയിലെ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഇതിനുള്ള പോംവഴി എന്ന് വിദഗ്ധർ പറയുന്നു. നിർമിതബുദ്ധിക്ക് അത്ര എളുപ്പത്തിൽ പകരം വെക്കാൻ കഴിയാത്ത മനുഷ്യന്റെ സർഗ്ഗാത്മകതയും (Creativity), ബുദ്ധിപരമായ ഇടപെടലുകളും തൊഴിലിടങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
AI threat: Microsoft releases list of sectors likely to lose jobs by 2026



