ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ലോകത്തെ പ്രധാന സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ മിസൈൽ – ഡ്രോൺ ആക്രമണ ഭീതിയിലാണ് ജീവനക്കാരെന്നാണ് സെക്കൻഡ് ഓഫീസറായ നവ്ജോത് സിംഗ് പറയുന്നത്.
അറേബ്യൻ കടലിനെയും പേർഷ്യൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഭൂരിഭാഗം എണ്ണക്കപ്പലുകളും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തുന്നത്. നിലവിൽ ഇവിടെ സുരക്ഷാ ഭീഷണി വർധിച്ചിരിക്കുകയാണ്. വർഷങ്ങളായി ഈ പാതയിലൂടെ യാത്ര ചെയ്യുന്ന നവ്ജോത് സിംഗ് തന്റെ അനുഭവങ്ങൾ വാർത്താ ഏജൻസിയുമായി പങ്കുവെച്ചു.
2015 മുതൽ എണ്ണ-വാതക ടാങ്കറുകളിൽ ഈ വഴി കടന്നുപോകാറുള്ള നവ്ജോത് സിംഗ്, ഹോർമുസിലെ പ്രത്യേകതകൾ വിവരിച്ചു. ഇറാനും ഒമാനും അതിർത്തി പങ്കിടുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ഏറെ സങ്കീർണ്ണമാണ്. ഉയർന്ന താപനിലയും ചുറ്റുമുള്ള വരണ്ട പർവതനിരകളും യാത്രയെ ബാധിക്കാറുണ്ട്. കടൽ ശാന്തമാണെങ്കിലും ആഴം കൂടുതലായതിനാൽ നങ്കൂരമിടുന്നത് അത്ര സുരക്ഷിതമല്ല. എങ്കിലും പല കപ്പലുകളും അടുത്ത ഓർഡറുകൾക്കായി ഫുജൈറ ആങ്കറേജ് പോലുള്ള ഇടങ്ങളിൽ കാത്തുനിൽക്കാറുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിലുള്ള അബു മൂസ ദ്വീപ് കപ്പലുകൾക്ക് വലിയ വെല്ലുവിളിയാണ്. ഇറാനും യുഎഇയും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്ന ഈ ദ്വീപിന്റെ പരിസരത്ത് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണം. ഇറാനിയൻ നാവികസേനയുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ വലിയ കമ്പനികളെല്ലാം തങ്ങളുടെ കപ്പലുകൾ കടലിടുക്കിന്റെ തെക്ക് ഭാഗം ചേർന്ന് സഞ്ചരിക്കാനാണ് നിർദ്ദേശിക്കാറുള്ളത്. ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള എണ്ണക്കള്ളക്കടത്തും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യവും വലിയ കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമാകാറുണ്ട്.
ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ അത് ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പലപ്പോഴും കപ്പലിന്റെ ഉടമസ്ഥർ ഒരു രാജ്യത്തും, അത് പ്രവർത്തിപ്പിക്കുന്ന കമ്പനി മറ്റൊരു രാജ്യത്തുമായിരിക്കും. കപ്പലിലെ ജീവനക്കാരും കൊണ്ടുപോകുന്ന ചരക്കും മറ്റ് വിവിധ രാജ്യങ്ങളുടേതാകാം. ഇത്തരം സാഹചര്യങ്ങളിൽ ആക്രമണമുണ്ടായാൽ അത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ സമുദ്ര സുരക്ഷാ ആവശ്യങ്ങൾക്കായി ഈ പ്രദേശം വോളണ്ടറി റിപ്പോർട്ടിംഗ് ഏരിയയിൽ (VRA) ഉൾപ്പെടുത്തിയിരിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Merchant Navy officer shares experiences of cargo ships sailing through the Strait of Hormuz without any worries



