വടക്കുകിഴക്കൻ ബി.സി.യിൽ വാക്സിൻ എടുക്കാത്ത കുട്ടികളിൽ മീസിൽസ് രോഗം അതിവേഗം പടർന്നുപിടിക്കുതായി ബ്രിട്ടീഷ് കൊളംബിയയുടെ ഉപ-പ്രവിശ്യാരോഗ്യ ഓഫീസർ ഡോ. മാർട്ടിൻ ലാവോയി അറിയിച്ചു. സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 102 മീസിൽസ് കേസുകളാണ് 2025-ൽ ഈ പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.
ഫോർട്ട് സെന്റ് ജോണിനടുത്തുള്ള വോനോവോൺ സ്കൂളും, വാക്സിൻ സ്വീകരിക്കാത്ത ചെറിയ സമൂഹങ്ങളുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രം. റിപ്പോർട്ട് ചെയ്ത കേസുകളിൽ 70% വും 18 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. രോഗബാധിതരായ പലരും സ്കൂളുകളിലും മെഡിക്കൽ ക്ലിനിക്കുകളിലും എത്തിയിരുന്നു. ആദ്യത്തെ കേസ് വിദേശയാത്രയിലൂടെ എത്തിയതാണെന്ന് സംശയിക്കുന്നു. അതിനുശേഷം വാക്സിൻ എടുക്കാത്ത സമൂഹങ്ങളിലേക്ക് രോഗം അതിവേഗം വ്യാപിക്കുകയായിരുന്നു. ഫോർട്ട് സെന്റ് ജോണിലെ അടിയന്തര വിഭാഗം, ഗർഭിണികൾക്കായുള്ള ക്ലിനിക്ക്, ചില വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രോഗം ബാധിച്ചവർ എത്തിച്ചേർന്നിട്ടുണ്ട്. നിലവിൽ ഈ മേഖലയിൽ ഒരേയൊരു സജീവ മീസിൽസ് കേസ് മാത്രമാണുള്ളതെങ്കിലും, യാത്രകളിലൂടെ രോഗം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.
പ്രധാനമായും ജർമ്മൻ, റഷ്യൻ വംശജരായ, മതപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാത്ത ചില സമൂഹങ്ങളിലാണ് മീസിൽസ് തീവ്രമായി പടർന്നത്. വോനോവോൺ സ്കൂളിലെ 90% വിദ്യാർത്ഥികളും ജർമ്മൻ/റഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. മീസിൽസ് രോഗം ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വലിയ അപകടമുണ്ടാക്കും. ഗർഭകാലത്ത് രോഗം വന്നാൽ കുഞ്ഞിന് ‘കൺജെനിറ്റൽ മീസിൽസ്’ ഉണ്ടാകാനും തലച്ചോറിന് വീക്കം, മരണം എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്. ഒന്റാരിയോയിൽ ഒരു കുഞ്ഞ് മീസിൽസ് ബാധിച്ച് മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ ഇതുവരെ അങ്ങനെയൊരു കേസ് ഉണ്ടായിട്ടില്ലെങ്കിലും, പ്രസവവിദഗ്ധർക്കും ആരോഗ്യപ്രവർത്തകർക്കും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് മീസിൽസ് വാക്സിൻ എടുത്തവർക്ക് പൂർണ്ണ സംരക്ഷണം ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും കൂടുതൽ ജാഗ്രത ആവശ്യമാണ്. ബ്രിട്ടീഷ് കൊളംബിയയുടെ വാക്സിനേഷൻ നിരക്ക് ശരാശരി 84% ആണെങ്കിലും ഇത് പൂർണ്ണമല്ല. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഒന്റാരിയോയിൽ 2,244 സ്ഥിരീകരിച്ച കേസുകളും ആൽബർട്ടയിൽ 1,230 കേസുകളുമുണ്ട്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ ആൽബർട്ടയിലാണ്. ആൽബർട്ടയുമായുള്ള അതിർത്തി സാമീപ്യം കാരണം ബി.സി.യിലും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിലും, അത്ര വലിയ സാഹചര്യം ഉണ്ടാകില്ലെന്നാണ് ബി.സി. അധികൃതരുടെ വിലയിരുത്തൽ.
ബി.സി. ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ പറയുന്നത്, “വാക്സിൻ എടുക്കുക എന്നതാണ് നമുക്ക് ലഭ്യമായ ഏകവും ശക്തവുമായ പ്രതിരോധം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, ഒപ്പം മുതിർന്നവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്” എന്നാണ്. ചുരുക്കത്തിൽ, വടക്കുകിഴക്കൻ ബി.സി.യിൽ മീസിൽസ് വ്യാപനം വാക്സിൻ എടുക്കാത്ത സമൂഹങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന അപകടസാധ്യതയുള്ളതിനാൽ എല്ലാവരും വാക്സിൻ എടുക്കണമെന്നത് ആരോഗ്യവകുപ്പിന്റെ പ്രധാന മുന്നറിയിപ്പാണ്.



