സാസ്കച്ചെവാനിലെ യോർക്ക്ട്ടണിലെ ചില സ്ഥലങ്ങളിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സാസ്കച്ചെവൻ ഹെൽത്ത് അതോറിറ്റി (SHA) രംഗത്തെത്തി. യോർക്ക്ട്ടണിൽ രോഗം പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. അടുത്ത 21 ദിവസത്തേക്ക് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
വാല്യൂ വില്ലേജ് (277 ബ്രോഡ്‌വേ സ്ട്രീറ്റ് ഈസ്റ്റ് സ്യൂട്ട് 33എ), നോർത്ത് 40 (കൊണ്ടെസ്സ പ്ലാസ, 23ബി സ്മിത്ത് സ്ട്രീറ്റ് വെസ്റ്റ്), പാർക്ക്‌ലാൻഡ് സർപ്ലസ് (ഹൈവേ 10 ഈസ്റ്റ്), ഡോളറാമ (275 ബ്രോഡ്‌വേ സ്ട്രീറ്റ് ഈസ്റ്റ്), വാൾമാർട്ട് (240 ഹാമിൽട്ടൺ റോഡ്) എന്നീ സ്ഥലങ്ങൾ ഓഗസ്റ്റ് 5-ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെ സന്ദർശിച്ച ആളുകൾ അതീവ ജാഗ്രത പാലിക്കണം. ഇവിടെ അന്നേ ദിവസം രോഗം സ്ഥിരീകരിച്ചയാൾ ഉണ്ടായതിനാൽ അയാളുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ട്.
രോഗവുമായും വാക്സിനേഷനുമായും ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ 811 എന്ന നമ്പറിൽ ഹെൽത്ത്‌ലൈനിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ, ക്ഷീണം, അസ്വസ്ഥത, വായിലും തൊണ്ടയിലും കാണുന്ന ചെറിയ വെളുത്ത പാടുകൾ (കോപ്ലിക് സ്പോട്ടുകൾ), കൂടാതെ ചുവപ്പ് കലർന്ന പാടുകൾ (rash) എന്നിവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ. ഈ പാടുകൾ മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ മുഖത്ത് പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യാം.
വാക്സിനെടുക്കാത്തവർ, ഗർഭിണികൾ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, അല്ലെങ്കിൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗബാധയുണ്ടായാൽ ആറ് ദിവസത്തിനുള്ളിൽ പ്രതിരോധ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് SHA പറയുന്നു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ നേരിട്ട് ക്ലിനിക്കിൽ പോകരുതെന്നും വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും 811-ൽ ഹെൽത്ത്‌ലൈനിൽ വിളിക്കണമെന്നും SHA വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തേടാൻ മടിക്കരുത്. എങ്കിലും, എമർജൻസി ഡിപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിളിക്കുക, അല്ലെങ്കിൽ 911-ൽ വിളിക്കുമ്പോൾ, അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകരെ അറിയിക്കുക. ഇത് രോഗവ്യാപനം കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സഹായിക്കും.
Potential measles exposure at several locations in Yorkton



