ക്യുബെക്: കാനഡയുടെ പൈതൃകമായി കരുതപ്പെടുന്ന മേപ്പിൾ സിറപ്പിന്റെ പേരിൽ ക്യുബെക്കിൽ അരങ്ങേറുന്നത് വൻ തട്ടിപ്പെന്ന് റിപ്പോർട്ട്. വ്യാജ മേപ്പിൾ സിറപ്പ് വിപണിയിൽ വിറ്റഴിക്കാൻ കമ്പനിയുടെ പേര് സ്റ്റിക്കർ ഒട്ടിച്ച് മറച്ച നിലയിലുള്ള കാനുകൾ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ കണ്ടെത്തിയതോടെയാണ് വിവാദം പുകയുന്നത്. പ്രമുഖ അന്വേഷണാത്മക പരിപാടിയായ ‘എൻക്വെറ്റ്’ (Enquête) നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഒന്റാറിയോ ഉൾപ്പെടെയുള്ള കൂടുതൽ പ്രവിശ്യകളിലേക്ക് തട്ടിപ്പിന്റെ വ്യാപ്തി പടരുകയാണ്.
സെന്റ് ക്രിസോസ്റ്റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റീവ് ബോർഡ്യൂ എന്ന ഉൽപ്പാദകന്റെ കമ്പനിയാണ് തട്ടിപ്പിന് പിന്നിലെന്ന് റേഡിയോ കാനഡ റിപ്പോർട്ട് ചെയ്യുന്നു. ‘ലെ സിറോപ്പ് ഏഞ്ചല’ (le sirop Angela) എന്ന പുതിയ സ്റ്റിക്കർ പതിച്ചാണ് വിപണിയിൽ നിലവിൽ ഈ സിറപ്പുകൾ വിൽക്കുന്നത്. എന്നാൽ, സംശയം തോന്നിയ ഉപഭോക്താക്കൾ ഈ സ്റ്റിക്കർ ഇളക്കി മാറ്റിയപ്പോൾ ബോർഡ്യൂവിന്റെ കമ്പനിയായ ‘9227-8712 ക്യുബെക് ഇൻക്’ എന്ന പേരാണ് കണ്ടെത്തിയത്. ഐജിഎ (IGA) ഉൾപ്പെടെയുള്ള പ്രമുഖ ഗ്രോസറി ചെയിനുകളിൽ ഇത്തരം വ്യാജ ലേബൽ പതിച്ച ഉൽപ്പന്നങ്ങൾ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ശുദ്ധമായ മേപ്പിൾ സിറപ്പെന്ന വ്യാജേന വിറ്റഴിച്ച ഉൽപ്പന്നങ്ങളിൽ പകുതിയും കരിമ്പ് പഞ്ചസാര ലായനിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. പ്രവിശ്യാ ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അഞ്ച് കാനുകളിൽ 50 ശതമാനം വരെ മായം കലർത്തിയതായി കണ്ടെത്തിയത്. എന്നാൽ, തന്റെ വിതരണക്കാരിൽ ആരെങ്കിലും നൽകിയതാകാം ഈ വ്യാജ ഉൽപ്പന്നമെന്നാണ് സ്റ്റീവ് ബോർഡ്യൂവിന്റെ വാദം. ഫെബ്രുവരി മുതൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സ്റ്റിക്കർ പതിച്ച് പേര് മറച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ഇയാൾ തയ്യാറായിട്ടില്ല.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ക്യുബെക്കിലെ ജനങ്ങൾ ഇത് അർഹിക്കുന്നില്ലെന്നും കൃഷി മന്ത്രി ഡൊണാൾഡ് മാർട്ടൽ പ്രതികരിച്ചു. പൈതൃകത്തിന്റെ ഭാഗമായ ഉൽപ്പന്നങ്ങളിൽ മായം ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ ക്യുബെക്ക് ഫെഡറേഷൻ ഓഫ് മേപ്പിൾ സിറപ്പ് പ്രൊഡ്യൂസേഴ്സ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ, തട്ടിപ്പിന് ഇരയായ ഉപഭോക്താക്കൾ ചേർന്ന് കമ്പനിക്കെതിരെ കൂട്ടായ നിയമനടപടിക്കും (Class-action lawsuit) തുടക്കമിട്ടു.
ക്യുബെക്കിന് പുറമെ ഒന്റാറിയോയിലെ ഫാം ബോയ് (Farm Boy) സ്റ്റോറുകളിലും ഈ വ്യാജ സിറപ്പ് വിറ്റഴിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ ഐജിഎ, മെട്രോ, ഫാം ബോയ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ബോർഡ്യൂവിന്റെ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തു. ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുമെന്ന് സ്റ്റോർ അധികൃതർ അറിയിച്ചു. കാനഡയിലുടനീളം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
Massive fraud under the guise of maple syrup: Shocking information found when the sticker was removed;
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




