ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ മിഡിൽ സാക്ക്‌വില്ലെയിൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഹാൻവെൽ ഡ്രൈവിലെ 119-ാം നമ്പർ കെട്ടിടത്തിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ 12:10-ഓടെയാണ് അഗ്നിരക്ഷാസേനയ്ക്ക് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. കെട്ടിടത്തിന്റെ ഡെക്കിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ശക്തമായ കാറ്റുകാരണം തീ അതിവേഗം കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നാലും നിലകളിലേക്ക് പടർന്ന് മേൽക്കൂരയിൽ എത്തുകയായിരുന്നുവെന്ന് ഹാലിഫാക്സ് റീജിയണൽ ഫയർ ആൻഡ് എമർജൻസി ഡിസ്ട്രിക്റ്റ് ചീഫ് റോബർട്ട് ഹെബ്ബ് പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് ഏകദേശം 300-ഓളം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. 2:30-ന് പുറത്തുവിട്ട നഗരസഭയുടെ മുന്നറിയിപ്പിൽ ഹാൻവെൽ ഡ്രൈവിലെ 25 മുതൽ 119 വരെയുള്ള വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചതായി അറിയിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ എല്ലാവരെയും സുരക്ഷിതമായി കെട്ടിടത്തിൽനിന്ന് പുറത്തെത്തിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ആളുകൾക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
അപകടത്തെ തുടർന്ന് ഒഴിപ്പിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് രാവിലെ 7:30 മുതൽ വീടുകളിലേക്ക് മടങ്ങാമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ, 119 ഹാൻവെൽ ഡ്രൈവിലെ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ അവിടത്തെ താമസക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ല. തീപിടിത്തത്തിൽ പുക ശ്വസിച്ചവർ വീടിനുള്ളിൽത്തന്നെ കഴിയാനും എയർ എക്‌സ്‌ചേഞ്ചറുകൾ ഓഫ് ചെയ്യാനും അധികൃതർ നിർദേശം നൽകി.
അപകടത്തിൽപ്പെട്ടവർക്കായി സ്പ്രിങ്ഫീൽഡ് ലേക്ക് റിക്രിയേഷൻ സെന്ററിൽ ഒരു ദുരിതാശ്വാസ കേന്ദ്രം തുറന്നിട്ടുണ്ട്. റെഡ് ക്രോസ് ഇവിടെ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തീ അണയ്ക്കാൻ ഉപയോഗിച്ച വെള്ളം കാരണം താഴ്ന്ന പ്രദേശങ്ങളിലെയും മിഡിൽ സാക്ക്വില്ലെയിലെയും ജലവിതരണം താറുമാറായേക്കാം എന്നും വെള്ളത്തിന് നിറംമാറ്റമുണ്ടായേക്കാമെന്നും ഹാലിഫാക്സ് വാട്ടർ അറിയിച്ചു.
അപകടത്തെ തുടർന്ന് റൂട്ട് 83, 183 ഹാലിഫാക്സ് ട്രാൻസിറ്റ് ബസ്സുകൾക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇതോടെ ബീക്കൻസ്ഫീൽഡ് വേ, ഡാർലിംഗ്ടൺ ഡ്രൈവ്, ഹാൻവെൽ ഡ്രൈവ്, സ്വിൻഡൺ ഡ്രൈവ് എന്നിവിടങ്ങളിലേക്ക് നിലവിൽ ബസ് സർവീസില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



