കോഴിക്കോട്: നഗരഹൃദയമായ പാളയത്തെ റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ജയലക്ഷ്മി ടെക്സ്റ്റൈൽസ് കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കെട്ടിടത്തിന്റെ പിൻഭാഗത്തുണ്ടായ തീപിടിത്തം നിമിഷങ്ങൾക്കുള്ളിൽ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലായി വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻതന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിലെ ചില്ലുകൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
സംഭവത്തെ തുടർന്ന് പാളയം മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ഒരു മണിക്കൂറിലേറെയായി തുടരുന്ന തീപിടിത്തം പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Massive fire breaks out at Jayalakshmi Textiles in Kozhikode, rescue operation in progress



