നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ 17 പേർ കൊല്ലപ്പെട്ടു. കടോലിലെ റൗൾഗോണിലുള്ള എസ്ബിഎൽ എനർജി ലിമിറ്റഡ് (SBL Energy Limited) എന്ന ഫാക്ടറിയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. ഖനന ആവശ്യങ്ങൾക്കും മറ്റുമുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന യൂണിറ്റിലാണ് അപകടം നടന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
ഇന്ന് പുലർച്ചെ ആറിനും ഏഴിനും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 25 മുതൽ 30 വരെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക പിഴവാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Massive explosion at explosives factory in Nagpur; 17 workers killed


