ആൽബർട്ട: ആൽബർട്ടയിൽ കഴിഞ്ഞ വർഷം നടത്തിയ വിവിധ റെയ്ഡുകളിലായി ആയിരം കിലോഗ്രാമിലധികം കൊക്കെയ്നും ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ആൽബർട്ടയിലെ കൗട്ട്സ് അതിർത്തി ചെക്ക്പോസ്റ്റ് വഴി വാണിജ്യ ട്രക്കുകളിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ട്രക്ക് ഡ്രൈവർമാർക്കെതിരെ കള്ളക്കടത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന മൂന്ന് പ്രധാന പരിശോധനകളാണ് വൻ ശേഖരം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. നവംബർ 26-ന് ഇലക്ട്രോലൈറ്റ് പാനീയങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 461 കിലോ കൊക്കെയ്നും 43 കിലോ ഹെറോയിനും കണ്ടെത്തി. തൊട്ടടുത്ത ആഴ്ചകളിൽ നടന്ന പരിശോധനകളിൽ ഒഴിഞ്ഞ ട്രെയിലറുകളിൽ നിന്നും വാക്വം ഭാഗങ്ങൾക്കിടയിൽ നിന്നുമായി 300 കിലോ കൊക്കെയ്നും 206 കിലോ മെത്താംഫെറ്റമിനും പിടികൂടി. ഉദ്യോഗസ്ഥരും ഡിറ്റക്ടർ നായ സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് അതിർത്തി കടന്നുള്ള ഈ ലഹരിക്കടത്ത് തടയാനായത്.
2025-ൽ മാത്രം ആൽബർട്ട മേഖലയിൽ 1,292 തവണയായി 1,054 കിലോ കൊക്കെയ്നും 279 കിലോ മെത്താംഫെറ്റമിനും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ലഹരിമരുന്നുകൾക്ക് പുറമെ അനധികൃത ആയുധങ്ങളും കറൻസിയും പിടികൂടിയതായും സി.ബി.എസ്.എ റീജിയണൽ ഡയറക്ടർ ജനറൽ ജാനലി ബെൽ-ബോയ്ചുക്ക് അറിയിച്ചു. കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസുമായി (RCMP) ചേർന്ന് അതിർത്തികളിൽ കർശന നിരീക്ഷണം തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
Massive drug bust in Alberta: Over 1,000 kilograms of cocaine seized, three truck drivers arrested



