ഒട്ടാവ: കാനഡ റവന്യൂ ഏജൻസിയിൽ (CRA) കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനങ്ങളെത്തുടർന്ന് മുന്നൂറിലധികം പേരെ പിരിച്ചുവിട്ടതായി കാനഡ റവന്യൂ ഏജൻസി. ജോലിക്കിടയിലെ മോശം പെരുമാറ്റം, നികുതിദായകരുടെ വിവരങ്ങൾ ചോർത്തൽ, സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഏജൻസി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏജൻസി പുറത്തുവിട്ട രണ്ടാം വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 370 അനാചാര കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 266 കേസുകളിൽ ശിക്ഷാനടപടികൾ സ്വീകരിച്ചു. ജോലി സമയം ദുരുപയോഗം ചെയ്തതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നികുതി വിവരങ്ങൾ പരിശോധിച്ചതിനും 25 പേരെ പിരിച്ചുവിട്ടു. കൂടാതെ 150-ഓളം ജീവനക്കാരെ ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ശിക്ഷാനടപടികളിൽ 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് സർക്കാർ നൽകിയ സാമ്പത്തിക സഹായമായ സി.ഇ.ആർ.ബി (CERB) തുക നിയമവിരുദ്ധമായി കൈപ്പറ്റിയതിനും ജീവനക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ 78 പേരെയാണ് പുതുതായി പിരിച്ചുവിട്ടത്. 2023 ജൂണിൽ അന്വേഷണം ആരംഭിച്ചത് മുതൽ ഇതുവരെ മുന്നൂറിലധികം ജീവനക്കാർക്ക് ഈ കാരണത്താൽ ജോലി നഷ്ടമായിക്കഴിഞ്ഞു. കാനഡയിലെ ഏറ്റവും വലിയ ഫെഡറൽ സ്ഥാപനമായ സി.ആർ.എയിൽ നിലവിൽ 52,499 ജീവനക്കാരാണുള്ളത്.
ഫെഡറൽ വകുപ്പുകൾ ജീവനക്കാരുടെ അനാചാരങ്ങളെക്കുറിച്ച് വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്ന 2024-ലെ സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്. സി.ആർ.എയെ കൂടാതെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ബോർഡർ സർവീസസ് ഏജൻസി തുടങ്ങിയ വകുപ്പുകളിലും സമാനമായ അന്വേഷണങ്ങളും നടപടികളും നടന്നുവരികയാണ്. നികുതിദായകരുടെ വിശ്വാസ്യത നിലനിർത്താൻ ഇത്തരം കർശന നടപടികൾ അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mass layoffs at the Canada Revenue Agency: About 300 employees lost their jobs



