പാരിസ്: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി മാർക്ക് കാർണി. ഗ്രീൻലാൻഡിന്റെ സുരക്ഷ കേവലം ഒരു രാജ്യത്തിന്റെ വിഷയമല്ലെന്നും അത് നാറ്റോ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധ ചുമതലയാണെന്നും കാർണി വ്യക്തമാക്കി. ഡെൻമാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം അവിടുത്തെ ജനങ്ങൾക്കും ഡാനിഷ് ഭരണകൂടത്തിനുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗ്രീൻലാൻഡിനെ അമേരിക്ക കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കാനഡയുടെ നിലപാട് മാർക്ക് കാർണി വ്യക്തമാക്കിയത്. നാറ്റോ ഒരു പരസ്പര പ്രതിരോധ സഖ്യമാണെന്നും ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും സുരക്ഷ നൽകാൻ സഖ്യം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. വെനിസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെയാണ് അദ്ദേഹം ഈ അവകാശവാദം വീണ്ടും ഉന്നയിച്ചത്. എന്നാൽ, ഇത്തരം സമ്മർദ്ദ തന്ത്രങ്ങളും കൈയേറ്റ സ്വപ്നങ്ങളും അവസാനിപ്പിക്കണമെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് മാത്രമേ ഗ്രീൻലാൻഡ് തയ്യാറാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക് മേഖലയിലെ സൈനിക നിക്ഷേപങ്ങൾ വർധിപ്പിക്കാനാണ് കാനഡയുടെ തീരുമാനമെന്ന് മാർക്ക് കാർണി അറിയിച്ചു. ഇതിനായി പുതിയ ബജറ്റിൽ ഒരു ബില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ട്. നാറ്റോ വഴി നോർഡിക് രാജ്യങ്ങളുമായി ചേർന്നാകും ആർട്ടിക് മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പുതിയ ആർട്ടിക് വിദേശനയത്തിന്റെ ഭാഗമായി മേഖലയിൽ പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഫ്രാൻസ്, ജർമ്മനി, യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആർട്ടിക് മേഖലയിൽ നാറ്റോയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡെൻമാർക്കുമായി സഹകരിച്ച് 2026-ന്റെ തുടക്കത്തിൽ തന്നെ ഗ്രീൻലാൻഡിൽ കാനഡ പുതിയ കോൺസുലേറ്റ് തുറക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദും വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
NATO's responsibility for Greenland's security; Mark Carney clarifies position amid Trump's claims



