ന്യൂയോർക്കിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള തങ്ങളുടെ നിർമ്മാണശാല അടച്ചുപൂട്ടാൻ തീരുമാനിച്ച് കാസ്കേഡ്സ് ഇൻക് കമ്പനി. ഏകദേശം നാല് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്ന പ്ലാന്റിനാണ് പൂട്ടുവീഴുന്നത്. സെപ്റ്റംബർ 3-ഓടെ ഉത്പാദനം പൂർണ്ണമായും നിർത്താനാണ് തീരുമാനം. ഇതോടെ 123 തൊഴിലാളികൾക്ക് ജോലി നഷ്ടമാകും. പ്ലാന്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 5 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കാർഡ്ബോർഡ് പാക്കേജിംഗ്, ടോയ്‌ലറ്റ് പേപ്പർ, പേപ്പർ ടവ്വലുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു പ്രമുഖ സ്ഥാപനമാണ് കാസ്കേഡ്സ്. ഈ തീരുമാനം വളരെ വിഷമകരമായിരുന്നുവെന്ന് കാസ്കേഡ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജീൻ-ഡേവിഡ് ടാർഡിഫ് അറിയിച്ചു. എന്നിരുന്നാലും, തങ്ങളുടെ പാക്കേജിംഗ് വിഭാഗത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ അനിവാര്യമായ ഭാഗമാണ് ഈ അടച്ചുപൂട്ടലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



