മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സൗബിന് പുറമേ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാലാണ് സ്റ്റേഷൻ ജാമ്യം നൽകിയത്.
സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. പരാതിക്കാരനായ സിറാജിന് പണം മുഴുവൻ തിരികെ നൽകിയെന്ന് സൗബിൻ മൊഴി നൽകി. വാങ്ങിയ 6 കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി 2 ആഴ്ചയ്ക്കുള്ളിൽ മടക്കി നൽകിയെന്നായിരുന്നു മൊഴി. രണ്ട് മാസം മുൻപാണ് സിനിമയുടെ മുഴുവൻ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തതെന്നും സൗബിൻ നേരത്തെ പറഞ്ഞിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പ്രാഥമിക അന്വേഷണത്തിൽ പറവ പ്രൊഡക്ഷൻസിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.



