വിന്നിപെഗ്: വസന്തകാലത്തിന്റെ വരവറിയിച്ച് മഞ്ഞുരുകി തുടങ്ങിയതോടെ മാനിറ്റോബയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനെതിരെ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. തെക്കൻ മാനിറ്റോബയിലെ നദികളിലും തടാകങ്ങളിലും മഞ്ഞുപാളികൾക്ക് ബലക്ഷയം സംഭവിച്ചു തുടങ്ങിയതായും ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ഹൈഡ്രോളജിക് ഫോർകാസ്റ്റ് സെന്റർ അറിയിച്ചു.
കാനഡയിലെ റെഡ് റിവർ ബേസിൻ ഉൾപ്പെടെയുള്ള മേഖലകളിൽ താപനില ഉയരുന്നതോടെ ജലനിരപ്പ് ക്രമാനുഗതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. നിലവിൽ മഞ്ഞുപാളികൾക്ക് മുകളിലൂടെയുള്ള യാത്രകൾ മരണക്കെണിയായേക്കാം.
പ്രധാന നിർദ്ദേശങ്ങൾ:
ഐസിന് മുകളിൽ കയറരുത്: നദികൾക്കും തടാകങ്ങൾക്കും മുകളിലുള്ള മഞ്ഞുപാളികൾ പുറമെ നിന്ന് നോക്കുമ്പോൾ ബലമുള്ളതാണെന്ന് തോന്നാമെങ്കിലും, വാഹനങ്ങളെയോ മനുഷ്യരെയോ താങ്ങാനുള്ള ശേഷി ഇപ്പോൾ അവയ്ക്കില്ല.
വിനോദങ്ങൾ ഒഴിവാക്കുക: ഐസിന് മുകളിലൂടെയുള്ള സ്കീയിംഗ് (Skiing), സ്ലെഡ്ഡിംഗ് (Sledding), സ്നോമൊബൈലിംഗ് (Snowmobiling) തുടങ്ങിയ വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ: ജലാശയങ്ങൾക്ക് അരികിൽ താമസിക്കുന്നവർ കുട്ടികളും വളർത്തുമൃഗങ്ങളും ഐസിന് മുകളിലേക്ക് പോകുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം.
പ്രളയ മുന്നറിയിപ്പ് നിലവിലുള്ള മേഖലകൾ:
നിലവിൽ മാനിറ്റോബയിൽ വ്യാപകമായ പ്രളയ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, താഴെ പറയുന്ന പ്രദേശങ്ങളിൽ ‘ഹൈ വാട്ടർ അഡൈ്വസറി’ (High Water Advisory) നിലവിലുണ്ട്:
ആർ.എം ഓഫ് ആർഗൈലിലെ റോക്ക് ലേക്ക് (Rock Lake)
റോസൻഫെൽഡിന് അടുത്തുള്ള ഡെഡ്‌ഹോഴ്സ് ക്രീക്ക് (Deadhorse Creek)
മോറിസിന് അടുത്തുള്ള ഷാനൻ ക്രീക്ക് (Shannon Creek)
പ്രവിശ്യയിലെ എമർജൻസി ഓർഗനൈസേഷൻ പ്രാദേശിക ഭരണകൂടങ്ങളുമായും ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുമായും ചേർന്ന് വസന്തകാലത്തെ വെള്ളപ്പൊക്ക സാഹചര്യം നേരിടാൻോ തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. മാർച്ച് 20-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം മാനിറ്റോബയിൽ പ്രളയസാധ്യത കുറവാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Manitobans warned to stay off waterways as spring thaw ramps up



