വിന്നിപെഗ്: താമസമേഖലകളിലെ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കണമെന്ന വിന്നിപെഗ് നഗരസഭയുടെ ആവശ്യം തള്ളി മാനിറ്റോബ പ്രീമിയർ വാബ് കിന്യു. നിലവിലുള്ള ഹൈവേ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തി ഡിഫോൾട്ട് വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററിൽ നിന്നും 40 കിലോമീറ്ററായി കുറയ്ക്കണമെന്ന നഗരസഭയുടെ ശുപാർശയാണ് പ്രവിശ്യാ സർക്കാർ തള്ളിയത്. വിന്നിപെഗിൽ മാത്രമായി ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും, നിയമഭേദഗതി നടപ്പിലാക്കിയാൽ അത് മാനിറ്റോബയിലെ എല്ലാ ചെറുനഗരങ്ങളെയും ബാധിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി. നഗരസഭയ്ക്ക് വേണമെങ്കിൽ സ്വന്തം നിലയിൽ ബോർഡുകൾ സ്ഥാപിച്ച് വേഗപരിധി കുറയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ൽ ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വേഗപരിധി കുറയ്ക്കാനുള്ള നീക്കം നഗരസഭ നടത്തിയത്. വിന്നിപെഗിലെ നാല് പ്രധാന മേഖലകളിൽ നടത്തിയ പഠനത്തിൽ വേഗത കുറയ്ക്കുന്നത് സുരക്ഷയും ജീവിതനിലവാരവും വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നഗരത്തിലെ ഓരോ റോഡിലും വേഗപരിധി മാറ്റുന്നതിനായി ബോർഡുകൾ സ്ഥാപിക്കണമെങ്കിൽ 80 ലക്ഷം മുതൽ ഒരു കോടി ഡോളർ വരെ ചെലവ് വരുമെന്ന് നഗരസഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരമായി നിയമപരമായ ഡിഫോൾട്ട് വേഗപരിധി നിശ്ചയിക്കുകയാണെങ്കിൽ കുറഞ്ഞ ചിലവിൽ പദ്ധതി നടപ്പാക്കാമെന്നായിരുന്നു പബ്ലിക് വർക്സ് കമ്മിറ്റിയുടെ കണക്കുകൂട്ടൽ. 2015 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിലെ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 40 ശതമാനത്തിലധികം പേരും കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരുമാണ്.
പ്രീമിയറുടെ തീരുമാനം തികച്ചും നിരാശാജനകമാണെന്ന് പബ്ലിക് വർക്സ് കമ്മിറ്റി ചെയർപേഴ്സൺ ജനീസ് ലൂക്സ് പ്രതികരിച്ചു. ഓരോ തെരുവിലും ബോർഡുകൾ സ്ഥാപിക്കുന്നത് സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കുമെന്നും അവർ പറഞ്ഞു. പ്രവിശ്യാ സർക്കാർ സഹകരിക്കാത്ത സാഹചര്യത്തിൽ റോഡുകളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തി വേഗത നിയന്ത്രിക്കാനാണ് നഗരസഭയുടെ ആലോചന. സ്പീഡ് ബ്രേക്കറുകൾ, സ്പീഡ് ടേബിളുകൾ, കോൺക്രീറ്റ് തടസ്സങ്ങൾ എന്നിവ സ്ഥാപിച്ച് ഡ്രൈവർമാർ സ്വയം വേഗത കുറയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ നഗരസഭ കൂടുതൽ ചർച്ചകൾ നടത്തും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Manitoba Premier rejects Winnipeg city council's request for speed limit reduction



