വിന്നിപെഗ്: മാനിറ്റോബയിൽ ഇൻഫ്ലുവൻസ (ഫ്ലൂ) കേസുകൾ കുത്തനെ വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 400 പുതിയ ഇൻഫ്ലുവൻസ കേസുകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്. മാനിറ്റോബ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ജാസ് അത്‌വാളാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. പ്രവിശ്യയുടെ വൈറസ് നിരീക്ഷണ റിപ്പോർട്ട് അനുസരിച്ച്, ഇതുവരെ 967 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 233 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 20 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കൂടാതെ, 14 പേർ ഫ്ലൂ ബാധിച്ച് മരണപ്പെടുകയും ചെയ്തു.
ഇൻഫ്ലുവൻസയുടെ നിലവിലെ വ്യാപനം പതിവുള്ളതിനേക്കാൾ വളരെ കൂടുതലാണെന്ന് അധികൃതർ പറയുന്നു. ഒരു സ്കൂൾ ഏജ് പ്രോഗ്രാമിലെ 75 കുട്ടികളിൽ 40 പേർക്ക് വരെ ഫ്ലൂ ലക്ഷണങ്ങൾ കാരണം ക്ലാസിൽ എത്താൻ കഴിഞ്ഞില്ല. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും രോഗം ബാധിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് മാനിറ്റോബ നഴ്സസ് യൂണിയൻ പ്രസിഡന്റ് ഡാർലീൻ ജാക്സൺ പറഞ്ഞു.
അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവരും, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവരും, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടെയുള്ള ഹൈ-റിസ്ക് ഗ്രൂപ്പുകൾക്ക് ഡോക്ടർമാർ കർശന ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷൻ സ്വീകരിക്കുക, കൈകൾ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽത്തന്നെ കഴിയുക എന്നിവ രോഗവ്യാപനം തടയാനുള്ള പ്രധാന പ്രതിരോധ മാർഗ്ഗങ്ങളാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Manitoba adds nearly 400 new influenza cases in past week



