വിന്നിപെഗ്: മാനിറ്റോബയിലെ പിമിചികാമക് ക്രീ നേഷൻ അതീവ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഞായറാഴ്ച തകരാറിലായ പവർ ലൈൻ പുനഃസ്ഥാപിക്കാനാവാത്തതിനെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ തുടർച്ചയായ നാലാം രാത്രിയും കൊടുംതണുപ്പിൽ കഴിയുകയാണ്. തങ്ങളുടെ ജനത കടുത്ത പ്രതിസന്ധിയിലാണെന്നും ഇത് കേവലം ഒരു വൈദ്യുതി തടസ്സമല്ല, മറിച്ച് മാനുഷിക സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും കമ്മ്യൂണിറ്റി ചീഫ് ഡേവിഡ് മോണിയാസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന റിപ്പോർട്ടുകൾ ആശങ്ക ഇരട്ടിയാക്കുന്നു.
വൈദ്യുതി നിലച്ചതോടെ മേഖലയിലെ ജലവിതരണവും ശുചിമുറി സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതും ടാങ്കുകളിലെ വെള്ളം തണുത്ത് കട്ടപിടിച്ചതും ജനങ്ങളെ ദുരിതത്തിലാക്കി. തണുപ്പിനെ പ്രതിരോധിക്കാൻ മെഴുകുതിരികളും താൽക്കാലിക ജനറേറ്ററുകളും ഉപയോഗിക്കുന്നത് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. ഇതിനകം തന്നെ ഒരു വീട്ടിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷിത ഇടം തേടി ഏകദേശം ആയിരത്തി മുന്നൂറോളം ആളുകൾ ഇതിനകം തോംസണിലേക്കും വിന്നിപെഗിലേക്കും പലായനം ചെയ്തു കഴിഞ്ഞു.
ഗവൺമെന്റിന്റെയും മാനിറ്റോബ ഹൈഡ്രോയുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്സും കുറ്റപ്പെടുത്തി. വനമേഖലയിലൂടെയുള്ള പഴയ ലൈനുകൾ മാറ്റി ഹൈവേയ്ക്ക് സമീപം പുതിയവ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ നേരത്തെ അവഗണിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. നിലവിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും പുതുവത്സര ദിനമായ വ്യാഴാഴ്ച വൈകുന്നേരത്തോടെ മാത്രമേ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് മാനിറ്റോബ ഹൈഡ്രോ അറിയിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Manitoba First Nation approaching four days without power



