കാട്ടുതീ ഭീഷണി രൂക്ഷമായതോടെ മാനിറ്റോബയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കൻ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകൾ വലിയ ആശങ്കയിലാണ്. വടക്കൻ മാനിറ്റോബയിൽ നിന്ന് ഏകദേശം 17,000 പേരെ ഒഴിപ്പിക്കുമെന്നും അവരിൽ പലരും വിന്നിപെഗിൽ എത്തുമെന്നും പ്രീമിയർ വാബ് കൈന്യൂ പറഞ്ഞു. ഏകദേശം 5,000 ജനസംഖ്യയുള്ള ഫ്ലിൻ ഫ്ലോൺ നഗരത്തിലെ ജനങ്ങൾക്ക് എത്രയും വേഗം സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് നൽകി.
തിങ്കളാഴ്ച സാസ്കിലെ ക്രൈറ്റണിൽ ആരംഭിച്ച തീ ചൊവ്വാഴ്ച മാനിറ്റോബയിലേക്ക് അതിർത്തി കടന്ന് ഫ്ലിൻ ഫ്ലോണിന് ഭീഷണിയായതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഫ്ലിൻ ഫ്ലോണിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തീപിടുത്തം, നിലവിൽ 20,000 ഹെക്ടർ വിസ്തൃതിയിൽ, നിയന്ത്രണാതീതമായി കത്തിനശിച്ചുകൊണ്ടിരിക്കുകയാണ്.
പലായനം ചെയ്യുന്നവരെ കൊണ്ടുപോകാൻ സഹായിക്കുന്നതിന് കനേഡിയൻ സായുധ സേനയുടെ സഹായം പ്രവിശ്യ പ്രധാനമന്ത്രി മാർക്ക് കാർണിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഈ അഭ്യർത്ഥന അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ക്രോസ് ലേക്ക്, പിമിസികാമാക് ക്രീ നേഷൻ, മത്യാസ് കൊളംബ് ക്രീ നേഷൻ എന്നിവയാണ് ഒഴിപ്പിക്കൽ ഉത്തരവുകളുള്ള മറ്റ് കമ്മ്യൂണിറ്റികൾ. പ്രൊവിൻഷ്യൽ റോഡ് 39 വഴി തോംസണിലേക്ക് നേരിട്ട് വാഹനമോടിക്കരുതെന്ന് ഒഴിപ്പിക്കപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന സൗകര്യമില്ലാത്ത ആളുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി അധികൃതർ പ്രവർത്തിക്കുന്നുണ്ട്. ഒഴിഞ്ഞുപോകുമ്പോൾ ആവശ്യമായ സാധനങ്ങൾ, മരുന്നുകൾ, തിരിച്ചറിയൽ രേഖകൾ, ഗോ-ബാഗുകൾ, വളർത്തുമൃഗങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ കയ്യിൽ കരുതണമെന്നും നിർദേശമുണ്ട്. കാട്ടുതീ ഭീഷണി കാരണം ഫ്ലിൻ ഫ്ലോൺ ഇതിനകം തന്നെ ആശുപത്രിയിൽ ചിക്തസയിലുശ്ശ രോഗികളെ നഗരത്തിന് പുറത്തേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
വടക്കൻ മാനിറ്റോബയിലെ ഏകദേശം 17,500 പേർ സുരക്ഷിത സ്ഥാനത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെന്ന് മാനിറ്റോബ കീവറ്റിനോവി ഒകിമാകനാക് (എംകെഒ) പറഞ്ഞു. തീപിടുത്ത ഭീഷണി കാരണം പിമിസികാമാക് ക്രീ നേഷന്റെ വിമാനത്താവളം പ്രവർത്തനരഹിതമാണ്, കൂടാതെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫും കൗൺസിലും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രവിശ്യയിൽ നിന്നുള്ള ഏറ്റവും പുതിയ ഫയർ ബുള്ളറ്റിൻ പ്രകാരം, ഏകദേശം 40,000 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തീ WE017, ഷെറിഡണിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച വെറും 400 ഹെക്ടറിലധികം വിസ്തൃതിയിലാണ് തീ ആദ്യം റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഷെറിഡൺ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



