വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഞെട്ടിക്കുന്ന സംഭവം. കുർബാന അർപ്പിക്കുകയായിരുന്ന അൾത്താരയിൽ കയറിയ യുവാവ് പാന്റ്സ് അഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത് ഭക്തരെയും അധികൃതരെയും അമ്പരപ്പിച്ചു.
ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടെയാണ് വിശ്വാസികളുടെ ആരാധനാ വസ്തുക്കളെ അനാദരിക്കുന്ന തരത്തിലുള്ള ഈ വിചിത്രമായ പ്രവൃത്തി അരങ്ങേറിയത്. സംഭവം കണ്ട വിശ്വാസികൾ പരിഭ്രാന്തരായി. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ ബസിലിക്കയ്ക്ക് പുറത്തെത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരണമില്ല.
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കത്തോലിക്കാ വിശ്വാസികൾ പവിത്രമായി കരുതുന്ന ദേവാലയത്തിലെ ഈ പ്രവൃത്തി മനഃപൂർവമാണെന്നും വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താനുള്ള ശ്രമമാണെന്നും സമൂഹ മാധ്യമങ്ങളിലെ വിശ്വാസികൾ പ്രതികരിച്ചു. സംഭവത്തിൽ താൻ നടുങ്ങിപ്പോയതായി മാർപ്പാപ്പ പ്രതികരിച്ചതായും വിവരമുണ്ട്.
പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലുള്ള കുമ്പസാരത്തിന്റെ അൾത്താരയിലാണ് യുവാവ് അതിക്രമം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയിൽ ഒരാൾ അൾത്താരയിൽ കയറി മെഴുകുതിരികൾ നശിപ്പിച്ചിരുന്നു. ഇത്തരം അതിക്രമങ്ങൾ ദേവാലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Man Urinate On Sacred Altar At St Peter’s Basilica During Mass



