ടൊറന്റോ: കാനഡയിൽ സ്ഥിരതാമസാനുമതി (PR) ലഭിക്കുന്നതിനായി ഒന്റാറിയോയിൽ വ്യാജ സ്വവർഗ പ്രണയബന്ധങ്ങൾ ചമയ്ക്കുന്നതായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തൽ. മറ്റു മാർഗങ്ങളിലൂടെ പിആർ ലഭിക്കാൻ യോഗ്യതയില്ലാത്തവർ കണ്ടെത്തുന്ന പുതിയ തന്ത്രമാണിതെന്ന് ഇയാൾ ആരോപിക്കുന്നു. 2025 ഡിസംബർ 2-ന് ഐആർസിസി (IRCC) അയച്ച ഒരു കത്ത് ആധാരമാക്കിയാണ് ഇയാൾ ഈ അവകാശവാദം ഉന്നയിച്ചത്.
സിംഗ് അല്ലെങ്കിൽ കൗർ എന്നിങ്ങനെ ഒരേ സർനെയിമുകൾ ഉള്ളവർ പോലും ഇത്തരത്തിൽ അപേക്ഷകൾ നൽകുന്നുണ്ടെന്നും ഇവ അംഗീകരിക്കപ്പെടുന്നുണ്ടെന്നും ഇയാൾ പറയുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ, ഇൻഷുറൻസ് രേഖകൾ, ഒരേ അഡ്രസ്സിലുള്ള ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉപയോഗിച്ച് 12 മാസം ഒരുമിച്ച് താമസിച്ചു എന്ന് തെളിയിക്കാൻ പ്രയാസമില്ലെന്നും ഇതുവഴി എളുപ്പത്തിൽ പിആർ നേടിയെടുക്കാമെന്നുമാണ് വീഡിയോയിലെ പ്രധാന ആരോപണം.
ഈ വീഡിയോ പ്രചരിച്ചതോടെ സമാനമായ തട്ടിപ്പുകൾ കാലങ്ങളായി നടക്കുന്നുണ്ടെന്ന പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ചില ഇമിഗ്രേഷൻ ഏജന്റുമാർ പോലും ഇത്തരം വ്യാജ ബന്ധങ്ങൾ ഉണ്ടാക്കാൻ അപേക്ഷകരെ ഉപദേശിക്കാറുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ, സാധാരണ വിവാഹങ്ങളിലെന്ന പോലെ സ്വവർഗ പ്രണയങ്ങളിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ സ്വവർഗാനുരാഗികളെ മാത്രം ലക്ഷ്യം വെക്കേണ്ടതില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
കാനഡയിലെ നിയമപ്രകാരം ലിംഗഭേദമന്യേ വിവാഹിതരാകാത്ത പങ്കാളികൾക്ക് (Common-law partners) സ്പോൺസർഷിപ്പിന് അർഹതയുണ്ട്. എന്നാൽ ഈ ബന്ധം യഥാർത്ഥമായിരിക്കണമെന്നും പിആർ ലഭിക്കാൻ വേണ്ടി മാത്രമുള്ളതാകരുത് എന്നും നിയമം നിഷ്കർഷിക്കുന്നു. കുറഞ്ഞത് ഒരു വർഷമെങ്കിലും പങ്കാളികളായി തുടർച്ചയായി താമസിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇത്തരക്കാർക്ക് അപേക്ഷിക്കാൻ സാധിക്കൂ. വ്യാജ വിവരങ്ങൾ നൽകി പിആർ നേടാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും പിടിക്കപ്പെട്ടാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Man claims people are faking gay relationships in Ontario to gain Canada PR



