കസ്റ്റഡി ഉത്തരവ് ലംഘിച്ച് മകനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അറസ്റ്റിൽ. ആഷ്ബേണിൽ നിന്നുള്ള 48 കാരനായ കപിൽ സുനകാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം മകനോടൊപ്പം ടൊറന്റോയിലേക്ക് മടങ്ങാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. കാനഡയിലേക്ക് മടങ്ങിയെത്തിയ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. സുനക് തന്റെ മൂന്ന് വയസ്സുള്ള മകൻ വാലന്റീനോയെ 2024 ജൂലൈയിൽ ഇന്ത്യയിലെ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു എന്ന് ടൊറന്റോ പോലീസ് പറയുന്നു. 2024 ഓഗസ്റ്റ് 8 ന് ഇരുവരും ഇന്ത്യയിൽ നിന്ന് തിരിച്ചെത്തണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഇയാൾ തിരികെ എത്താതിരിക്കുകയും കോടതി ഉത്തരവ് ലംഘിച്ച് കുട്ടിയുടെ സംരക്ഷണം നിലനിർത്തിയെന്നും പരാതിക്കാരി ആരോപിച്ചു. തുടർന്ന് കാനഡയിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്തു, ജൂൺ 10 ന്, തിരിച്ചെത്തിയ ഉടൻ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ വച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി സുനക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



