ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ റോഡുകളെ നടുക്കിയ അമിതവേഗപ്പാച്ചിലിനൊടുവിൽ 51-കാരൻ പോലീസ് പിടിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് കാസ്കംപെക് മേഖലയിലാണ് സംഭവം. എൽംസ്ഡേൽ സ്വദേശിയായ ഇയാൾക്കെതിരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനും കേസെടുത്തു. മണിക്കൂറിൽ 90 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള പാതയിൽ ഇരട്ടിയിലധികം വേഗതയിലാണ് പ്രതി വാഹനമോടിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റൂട്ട് 2-ൽ പട്രോളിംഗ് നടത്തുകയായിരുന്ന ആർസിഎംപി ട്രാഫിക് സർവീസ് കോർപ്പറൽ ജാമി പാഴ്സൺസാണ് നിയമലംഘനം ആദ്യം ശ്രദ്ധിച്ചത്. റഡാർ പരിശോധനയിൽ വാഹനം മണിക്കൂറിൽ 147 കിലോമീറ്റർ വേഗതയിലാണെന്ന് കണ്ടെത്തി. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം പിന്തുടരാൻ ശ്രമിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ദൗത്യം താത്ക്കാലികമായി നിർത്തിവെച്ചു. തുടർന്ന് ജാമി പാഴ്സൺസ് മറ്റ് പോലീസ് യൂണിറ്റുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു.
അല്പസമയത്തിന് ശേഷം മറ്റൊരു പോലീസ് സംഘത്തിന്റെ റഡാറിൽ ഇതേ വാഹനം കുടുങ്ങി. അപ്പോൾ മണിക്കൂറിൽ 189 കിലോമീറ്റർ എന്ന അമിതവേഗതയിലായിരുന്നു കാർ. അവിടെയും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ പിന്നീട് സമ്മർസൈഡ് പോലീസ് സർവീസിന്റെ സഹായം തേടി. ഒടുവിൽ ബുധനാഴ്ച വൈകുന്നേരത്തോടെ സമ്മർസൈഡ് പോലീസ് വാഹനം കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻപും സമാനമായ രീതിയിൽ പോലീസ് നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ദ്വീപിലെ റോഡ് സുരക്ഷ ഉറപ്പാക്കാൻ വിവിധ പോലീസ് ഏജൻസികൾ നടത്തുന്ന ഏകോപിത നീക്കത്തിന്റെ വിജയമാണിതെന്ന് ആർസിഎംപി ട്രാഫിക് സർവീസ് യൂണിറ്റ് മേധാവി സർജന്റ് ലിസ ജോൺസ് പറഞ്ഞു. ഇത്തരം അമിതവേഗത അപൂർവ്വമാണെന്നും സംഭവത്തിൽ ആർക്കും പരിക്കേൽക്കാത്തത് ആശ്വാസകരമാണെന്നും അവർ കൂട്ടിച്ചേർത്തു. സമ്മർസൈഡ് പോലീസ്, പാർക്സ് കാനഡ, പ്രൊവിൻഷ്യൽ പബ്ലിക് സേഫ്റ്റി തുടങ്ങിയ വിഭാഗങ്ങളുമായി ചേർന്ന് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
man-charged-for-allegedly-driving-more-than-50-kmh-over-speed-limit-pei-rcmp
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



