വാഷിങ്‌ടൻ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസ് നായയെ ചവിട്ടിയാൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഇയാളെ യുഎസിൽ നിന്ന് നാടുകടത്തി. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാൾക്കെതിരെയാണ് നടപടി. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗിൽ മണത്തു നോക്കുകയും അതിൽ സംശയാസ്പദമായ വസ്തുക്കൾ ഉണ്ടെന്നുള്ള സൂചന പൊലീസിന് നൽകുകയും ചെയ്തു. ഇതേ തുടർന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ബാഗ് പരിശോധിച്ചു. അതിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരനെ അക്രമിക്കുന്നതിന് തുല്യമാണ് നായയെ ആക്രമിച്ചത് എന്ന് കണ്ടെത്തിയ കോടതി പ്രതിയുടെ പ്രായം പരിഗണിച്ച് കടുത്ത ശിക്ഷ ഒഴിവാക്കി നാടുകടത്താൻ വിധിക്കുക ആയിരുന്നു. നിയമ നിർവ്വഹണത്തിൽ പൊലീസ് നായ്ക്കളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



