വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടി, തന്നെ അനുഗമിച്ച സി.പി.എം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചത് വലിയ ചർച്ചയാകുന്നു. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം കൂടെനിന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനോടാണ് മമ്മൂട്ടി അമർഷം വ്യക്തമാക്കിയത്. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി” എന്ന് മമ്മൂട്ടി നേരിട്ട് പറയുകയായിരുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി താൻ വന്നതാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് താരം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി വയനാട് ടൗൺഷിപ്പിൽ എത്തിയത്. ദുരന്ത ബാധിതർക്കായി ഒരുക്കിയ സൗകര്യങ്ങൾ നേരിട്ട് കണ്ട അദ്ദേഹം, അധികൃതരോട് കാര്യങ്ങൾ തിരക്കുകയും അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളോട് കുശലം ചോദിക്കുകയും ചെയ്തു. ചില വീടുകൾ സന്ദർശിച്ച താരം അവിടത്തെ താമസക്കാർക്ക് ആശ്വാസവാക്കുകൾ പകർന്നു. ഒരു രാഷ്ട്രീയ പരിപാടിയായല്ല, മറിച്ച് ദുരന്തബാധിതരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ എത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ.
ടൗൺഷിപ്പ് നിർമ്മാണത്തെയും കേരളത്തിന്റെ ഒരുമയെയും മമ്മൂട്ടി പ്രശംസിച്ചു. “ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ് നമുക്ക് പ്രാഥമികമായി വേണ്ടത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായവർക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണ് ഈ ടൗൺഷിപ്പ്. ഇത് നമ്മുടെ ജനങ്ങളുടെ മനസ്സിന്റെ അടയാളമാണ്. കേരളത്തിന്റെ സാമൂഹിക മൂലധനമാണിത്,” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെയും ജനങ്ങളുടെ സഹകരണത്തെയും ഒരുപോലെ മുൻനിർത്തിയുള്ളതായിരുന്നു താരത്തിന്റെ പ്രതികരണം.
അതിനിടെ, മമ്മൂട്ടിയുടെ സന്ദർശനത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അതിജീവനത്തിന്റെ പുതുചരിത്രം രചിച്ച വയനാട് ടൗൺഷിപ്പ് ലോകശ്രദ്ധ നേടിക്കഴിഞ്ഞുവെന്നും മമ്മൂട്ടിയുടെ സന്ദർശനം അവിടുത്തെ നിവാസികൾക്ക് വലിയ ആവേശം നൽകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ടൗൺഷിപ്പിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാക്കാൻ മമ്മൂട്ടിയുടെ പിന്തുണയും പ്രചോദനവും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി*: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mammootty’s mass reply to the district secretary



