കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ.
ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന് ബലിപെരുന്നാൾ അവധി ആഘോഷിക്കാനായാണ് ഇവർ കെനിയയിൽ എത്തിയത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഹനാപകടം കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്നെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡിൽ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോർട്ടിൽ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.



