ബെൽഫാസ്റ്റ്: യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്ക് നേരെ വീണ്ടും ആക്രമണം. ‘ഗോ ഹോം’ എന്ന് ആക്രോശിച്ചെത്തിയ ഒരു സംഘം ആളുകൾ യുവാക്കളെ തലക്കടിച്ച് വീഴ്ത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ പോർട്രഷിനു സമീപത്തുള്ള നഗരത്തിലെ റസ്റ്റോറന്റ് ജീവനക്കാരായ യുവാക്കൾക്ക് നേരെയാണ് ശനിയാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്.
സംഭവം നടന്നത് കോളറൈൻ ബാലികാസിൽ റോഡിൽ വെച്ചാണ്. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ യുവാക്കളെ സമീപത്തെ പബ്ബിൽ നിന്നും മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ അയാൾ നിലത്ത് വീണു. വീണുകിടന്ന ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു യുവാവ് വീഴുകയും, അക്രമികൾ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
പരിക്കേറ്റവരുടെ പേരുവിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ പോലീസ് പുറത്തുവിട്ടിട്ടില്ല.
20 വയസ്സിനു മുകളിൽ പ്രായമുള്ള അഞ്ചിൽ കൂടുതൽ ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ യുവാക്കൾ പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായവരെ തേടി പോലീസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണത്തിന് ഇരയായവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഹോട്ടൽ ഉടമയാണ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
കഴിഞ്ഞ മാസം ആൻട്രിമിൽ മലയാളികളുടെ കാറുകൾക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. കാറുകളിൽ കറുത്ത പെയിന്റ് അടിച്ച് കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ എഴുതി വെച്ചിരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ, തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളിൽ നിന്ന് മലയാളികൾ വിട്ടുനിൽക്കണമെന്ന് മലയാളി സംഘടനകളും മുതിർന്ന നേതാക്കളും അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളും കൂട്ടംചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
malayali-youths-attacked-in-northern-ireland
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



