സാഹസിക ദൗത്യത്തിനിടെ അമേരിക്കയിലെ ഡെമനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഷെയ്ഖ് ഹസൻ ഖാൻ സംസ്ഥാന സർക്കാർ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസൻ ഖാനെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ നോർക്കയും ഇടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ എംബസിയോട് ഇക്കാര്യം അഭ്യർഥിച്ചു. അതേസമയം, ആന്റോ ആന്റണി എംപിക്ക് പിന്നാലെ വി ശിവദാസൻ എം പി യും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പതാക നാട്ടാനുള്ള ദൗത്യത്തിനിടെയാണ് ഷെയ്ക്ക് ഹസൻ ഖാൻ നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയത്.
എവറസ്റ്റ് കീഴടക്കി ചരിത്രത്തിലിടം പിടിച്ച മലയാളി പർവതാരോഹകനാണ് ഷെയ്ക്ക് ഹസൻ ഖാൻ. അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17,000 അടി മുകളിലുള്ള ഡെനാലി ബേസ് ക്യാപിലാണ് ഷെയ്ക്ക് ഹസനും ഒപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരനും ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. കൊടുങ്കാറ്റും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായാണ് വിവരം. ഡെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പകുതിയിൽ താഴെ മാത്രം ആളുകൾക്കേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളു. അപകടസാധ്യതകൾ ഏറെയുള്ള സാഹസിക പർവതാരോഹണമാണ് ഡെനാലിയിലേത്.



