കൊച്ചി: എറണാകുളത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്ന നഴ്സ് മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. തൃശൂർ വടക്കഞ്ചേരി സ്വദേശിയായ ലെന ജോൺ (25) ആണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ലെനയ്ക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന യുവാക്കളുടെ അസ്വാഭാവികമായ ഇടപെടലുകളും യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകളും മരണത്തിൽ വലിയ രീതിയിലുള്ള ദുരൂഹതകൾക്ക് വഴിമാറുകയാണ്.
വിദേശത്ത് ജോലിക്ക് പോകുന്നതിനായി നഴ്സിങ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ എന്നുപറഞ്ഞാണ് ലെന കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ആലുവയിലെ ഒരു ഹോട്ടലിൽ ലെന മൂന്ന് ദിവസത്തോളം താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവിടെ ലെനയ്ക്കൊപ്പം മറ്റാരൊക്കെയാണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവിടെ വെച്ച് കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മർദ്ദം വൻതോതിൽ താഴുകയും യുവതി തീർത്തും അവശതയിലാവുകയുമായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അർഷാദ്, സുഹൈൻ എന്നിവർ ചേർന്നാണ് യുവതിയെ ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ വെച്ചുണ്ടായ സംഭവങ്ങളാണ് ബന്ധുക്കളിലും നാട്ടുകാരിലും വലിയ സംശയങ്ങൾക്ക് കാരണമായത്. ലെന അതീവ ഗുരുതരാവസ്ഥയിലായതോടെ ഒപ്പമുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ഫോണിൽ നിന്നും വീട്ടുകാരെ വിളിക്കുകയും താൻ ‘ഡോക്ടർ’ ആണെന്ന് വ്യാജേന സംസാരിക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സ്ഥിരീകരിച്ച് ഇവർ വീണ്ടും വീട്ടുകാരെ വിളിച്ചതോടെ സംശയം ഇരട്ടിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിനെയും സുഹൈനെയും ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടിരുന്നതായി ബന്ധുക്കൾ ഇപ്പോൾ ആരോപിക്കുന്നുണ്ട്.
വിദേശത്തു പോകാനുള്ള ഐ.ഇ.എൽ.ടി.എസ് (IELTS) പരീക്ഷ ലെന ഒരു വർഷം മുൻപ് തന്നെ വിജയിച്ചിരുന്നുവെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ യുവതി എന്തിനാണ് എറണാകുളത്ത് മുറിയെടുത്ത് താമസിച്ചതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. കേസിൽ ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെ അതീവ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Malayali nurse dies after eating kuzhimanthi: Young men who were with her pretended to be doctors; Relatives allege mystery




