യു.കെയിലെ വെയിൽസിൽ മലയാളി യുവാവിന് നേരെ തെരുവ് നായയുടെ ആക്രമണം. കോട്ടയം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. വെയിൽസിലെ റെക്സ്ഹാമിൽ വെച്ചാണ് സംഭവം. വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ രണ്ട് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വാർത്തയായത്.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി പതിനൊന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. ഉടമയായ സ്ത്രീയുടെ സമീപത്ത് തുടലില്ലാതെ നിൽക്കുകയായിരുന്നു നായകൾ. യാതൊരു പ്രകോപനവുമില്ലാതെയാണ് നായ്ക്കൾ യുവാവിനെ ആക്രമിച്ചത്. ആദ്യം നായ്ക്കൾ ഒരു സൈക്കിൾ യാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.
വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും കൈകളിലും കാലുകളിലും തലയുടെ ഇടതുവശത്തും യുവാവിന് ഗുരുതരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ യുവാവിന് കഴിഞ്ഞു. പോലീസിന്റെ സഹായം തേടിയതിനെത്തുടർന്ന് 20 മിനിറ്റിനുള്ളിൽ പോലീസും ആംബുലൻസ് സർവീസും സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്നയുടനെ ഓടി രക്ഷപ്പെട്ട നായകളുടെ ഉടമയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നായകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായകളെ കൊല്ലുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു. രണ്ട് വർഷം മുൻപാണ് കോട്ടയം സ്വദേശിയായ യുവാവ് യു.കെയിൽ എത്തുന്നത്. ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിൽ നിന്ന് വെയിൽസിലേക്ക് താമസം മാറിയത്.
Malayali man attacked by dog in UK, runs inside house to escape attack by 'bulldog'



