ലണ്ടനിൽ മലയാളി യുവാവിന് സഹപ്രവർത്തകയെ പിന്തുടർന്ന് ശല്യം ചെയ്തതിന് ആറുമാസം തടവ് ശിക്ഷ. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസ് പോൾ (26) എന്ന യുവാവിനാണ് സൗത്ത്വാർക്ക് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ഇയാൾ, മുൻ സഹപ്രവർത്തകയായ ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന യുവതിയെ ആറുമാസത്തോളം ടെക്സ്റ്റ് മെസേജുകളിലൂടെയും പൂക്കളും ചോക്ലേറ്റുകളും നൽകിയും ശല്യം ചെയ്തു. താത്പര്യമില്ലെന്ന് യുവതി പറഞ്ഞിട്ടും ഇയാൾ പിന്തുടരുകയായിരുന്നു.
ജോലി ചെയ്തിരുന്ന ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പിൽ വെച്ചാണ് ആശിഷ് യുവതിയെ നിരന്തരം ശല്യപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും യുവതിയെ ശല്യപ്പെടുത്തരുതെന്ന നിബന്ധനയോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. മൂന്ന് സിം കാർഡുകളും ഒരു സുഹൃത്തിന്റെ ഫോണും ഇതിനായി ഇയാൾ ഉപയോഗിച്ചു.
ആറുമാസം തടവ് ശിക്ഷയ്ക്ക് പുറമെ 20 ദിവസത്തെ റിഹാബിലിറ്റേഷൻ ജോലികളും ചെയ്യാൻ കോടതി നിർദ്ദേശിച്ചു. നിങ്ങൾ അവളെ വെറുതെ വിടണം, ഇല്ലെങ്കിൽ അഞ്ച് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ആശിഷിൻറെ നിരന്തരമുള്ള ശല്യം തന്നെ വല്ലാതെ ബാധിച്ചെന്നും എപ്പോഴും പേടിയോടെ നടക്കേണ്ടതായി വന്നെന്നും യുവതി പറഞ്ഞു. ആശിഷിന് പുതിയ വിസ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.
ആശിഷിന് മാനസിക വെല്ലുവിളിയുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കൂടാതെ, യുവതിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് തെളിവുകളൊന്നുമില്ലെന്നും വാദിച്ചു. എന്നാൽ, മാനസിക വെല്ലുവിളിയുള്ള ഒരാൾ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമാണെന്ന് പറയുന്നത് വിശ്വസനീയമല്ലെന്ന് ജഡ്ജി വ്യക്തമാക്കി. ആശിഷിൻറെ വീസ 2025 സെപ്റ്റംബർ 13 ന് അവസാനിക്കവേ, പുതിയ വിസ ലഭിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
malayali facing deportation threats after repeatedly stalking a female colleague



