ലണ്ടൻ: യുകെയിലെ നോട്ടിങ്ങാംഷറിൽ നിന്ന് കോട്ടയം സ്വദേശിയായ മലയാളിയെ കാണാതായി. കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജി(47)നെയാണ് കാണാതായത്. കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹം വീട്ടിൽ എത്തിയിട്ടില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അന്വേഷണം നടത്തുന്നുവെങ്കിലും സ്റ്റീഫനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നോട്ടിങ്ങാമിലെ പീത്സാ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സ്റ്റീഫൻ ഞായറാഴ്ച പതിവുപോലെ സൈക്കിളിൽ വീട്ടിൽ നിന്നും പോയെങ്കിലും ജോലിക്ക് എത്തിയില്ലെന്ന് ഫാക്ടറി അധികൃതർ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇദ്ദേഹം പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനെത്തുടർന്നാണ് നോട്ടിങ്ങാംഷർ പോലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൊതുജന സഹായം തേടി അറിയിപ്പ് പുറത്തിറക്കിയത്.
ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെസ്റ്റ് ബ്രിഡ്‌ഫോർഡ് ഏരിയയിൽ നിന്ന് സ്റ്റീഫൻ ജോർജിനെ കാണാതായത് എന്ന് പോലീസ് അറിയിപ്പിൽ പറയുന്നു. 5 അടി 10 ഇഞ്ച് നീളമുള്ള സ്റ്റീഫൻ ജോർജ് കാണാതാകുമ്പോൾ വിന്റർ ജാക്കറ്റും നീല ജീൻസും കണ്ണടയുമാണ് ധരിച്ചിരുന്നത്.
സ്റ്റീഫൻ ജോർജിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0441_20102025 എന്ന നമ്പർ ഉദ്ധരിച്ച് 101-ൽ ബന്ധപ്പെടണമെന്ന് നോട്ടിങ്ങാംഷർ പോലീസ് അഭ്യർഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Stephen George, malayali expat has been reported missing from Nottingham, UK



