ഒന്റേരിയോയിൽ നിന്നുള്ള ബെലന്റ് മാത്യു മലയാളി സമൂഹത്തിന്റെ പിന്തുണ തേടുന്നു
കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഏക മലയാളി സ്ഥാനാർഥിയായി ബെലന്റ് മാത്യു പ്രഖ്യാപിക്കപ്പെട്ടു.
ഒന്റേരിയോയിലെ സ്കാർബറോ സെന്റർ-ഡോൺ വാലി ഈസ്റ്റ് റൈഡിങ്ങിൽ നിന്നും മത്സരിക്കുന്ന ബെലന്റ്, മലയാളി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനായി ഫണ്ട് റെയ്സിങ് പരിപാടികൾ സംഘടിപ്പിക്കുന്നു.
ശക്തവും ഉത്തരവാദിത്തപൂർണ്ണവുമായ ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിൽ മലയാളി സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സംഭാവനകൾക്ക് ഫെഡറൽ ടാക്സ് ക്രെഡിറ്റ് ലഭ്യമാകുന്നതിനാൽ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നതായി ബെലന്റ് പറഞ്ഞു.
400 ഡോളർ സംഭാവന നൽകുന്നവർക്ക് 75% വരെ നികുതി കിഴിവ് (300 ഡോളർ) ലഭിക്കും. 400 മുതൽ 750 ഡോളർ വരെയുള്ള സംഭാവനകൾക്ക് 50% ടാക്സ് ക്രെഡിറ്റും, 750-ന് മുകളിലുള്ളവയ്ക്ക് 33.33% ക്രെഡിറ്റും (പരമാവധി 650 ഡോളർ) ലഭിക്കും.
എറണാകുളം മാമംഗലം സ്വദേശിയായ ബെലന്റ് എച്ച്.എം.ടി ഉദ്യോഗസ്ഥനായിരുന്ന ചിറ്റംകോട്ട് സി.ജി. മാത്യുവിന്റെയും എലിസബത്തിന്റെയും മകനാണ്. സെന്റ് ആൽബർട്സിൽ പഠിക്കുമ്പോൾ കലാലയ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും സജീവമായിരുന്നു. 10 വർഷം കുവൈറ്റിൽ ജോലി ചെയ്തശേഷം 15 വർഷം മുൻപ് കാനഡയിലേക്ക് കുടിയേറി.
കാനഡയിൽ ദുർഹം മലയാളി അസോസിയേഷൻ പ്രസിഡന്റ്, ടൊറന്റോ മലയാളി സമാജത്തിന്റെ ജോയിന്റ് എന്റർടെയ്ൻമെന്റ് കൺവീനർ, കനേഡിയൻ കൊച്ചിൻ ക്ലബ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലെത്തിയതോടെ പാർട്ടിയിൽ സജീവമായ ബെലന്റ്, ഇപ്പോൾ പിയേർ പൊളിയേവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ സ്ഥാനാർഥിയായി. അഭിഭാഷകയായ ടീന ആണ് ഭാര്യ, സാറ, ജോനഥൻ, റെബേക്ക എന്നിവരാണ് മക്കൾ.
സംഭാവന നൽകാൻ താല്പര്യമുള്ളവർക്ക് donvalleyeast.conservativeeda.ca വെബ്സൈറ്റിൽ പോയി സംഭാവന നൽകാവുന്നതാണ്.



