തമിഴ്‌നാട് സർക്കാരിന്റെ ഏഴ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള കാലയളവിലെ മികച്ച സിനിമകൾക്കും നടിനടന്മാർക്കുമാണ് അവാർഡുകൾ നൽകിയിരിക്കുന്നത്. പ്രഖ്യാപനത്തിൽ മലയാളികൾക്ക് വലിയ നേട്ടമാണ് ലഭിച്ചത്. ഇതിൽ എട്ടു പുരസ്‌കാരങ്ങൾ മലയാളികൾ സ്വന്തമാക്കി എന്നതും ഏഴു വർഷത്തിൽ അഞ്ചു തവണയും മികച്ച നടിമാരായത് മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം 13-ന് ചെന്നൈയിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളിൽ കീർത്തി സുരേഷ് (2016), നയൻതാര (2017), മഞ്ജു വാര്യർ (2019, 2020), ലിജോമോൾ ജോസ് (2021) എന്നിവർ മലയാളി കരുത്ത് തെളിയിച്ചു. 2022-ൽ സായ് പല്ലവിയും 2018-ൽ ജ്യോതികയുമാണ് മികച്ച നടിമാർ. വൈക്കം വിജയലക്ഷ്മി, വർഷ രഞ്ജിത്ത് എന്നിവർ മികച്ച പിന്നണി ഗായികമാരായും തിരഞ്ഞെടുക്കപ്പെട്ടു. ‘മഗളിർ മട്ടും’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശി മികച്ച ഹാസ്യനടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി.
വിജയ് സേതുപതി (2016), കാർത്തി (2017), ധനുഷ് (2018), പാർഥിപൻ (2019, 2020), ആര്യ (2021), വിക്രം പ്രഭു (2022) എന്നിവരാണ് വിവിധ വർഷങ്ങളിലെ മികച്ച നടന്മാർ. ‘മാനഗരം’, ‘അറം’, ‘പരിയേറും പെരുമാൾ’, ‘അസുരൻ’, ‘ജയ് ഭീം’, ‘ഗാർഗി’ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ലോകേഷ് കനകരാജ്, മാരി സെൽവരാജ്, ടി.ജെ. ജ്ഞാനവേൽ തുടങ്ങിയവരാണ് മികച്ച സംവിധായകരുടെ പട്ടികയിലുള്ളത്.
വർഷങ്ങളായി മുടങ്ങിക്കിടന്ന പുരസ്‌കാരങ്ങൾ ചലച്ചിത്ര സംഘടനകളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 150-ലധികം കലാകാരന്മാർക്കാണ് പുരസ്‌കാരം ലഭിക്കുക. തമിഴ് സിനിമാ ലോകത്ത് മലയാളികളുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ അവാർഡ് പട്ടികയെന്ന് സിനിമാ ലോകം വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayalam fame in Tamil land; 7 years of awards announced, eight Malayalis on the award list



