കൊച്ചി: ‘റോഷാക്കി’ലൂടെ മലയാളികളെ അമ്പരപ്പിച്ച നിസാം ബഷീറും പൃഥ്വിരാജും ഒന്നിക്കുന്ന ‘ഐ നോബഡി’ (I, Nobody) എന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത തരം മേക്കിങ് ശൈലിയാണ് ഈ ചിത്രത്തിന്റേതെന്നും ശക്തമായ ഒരു സോഷ്യൽ കമന്ററിയാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും പാർവതി വ്യക്തമാക്കി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.
“ചിത്രത്തിൽ എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതൊരു സോഷ്യൽ കമന്ററി ആണെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. എന്നാൽ അതിനുമപ്പുറം പലതും സിനിമയിലുണ്ട്. ഇതുവരെ നമ്മൾ കാണാത്ത വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഇതിന്റേത്,” പാർവതി പറഞ്ഞു. താൻ ഭാഗമാകുന്ന സിനിമകളിൽ ശക്തമായ രാഷ്ട്രീയമുണ്ടാകാറില്ലേ എന്ന ചോദ്യത്തിന്, തന്റെ സിനിമകൾ അത്തരത്തിലുള്ള പൊളിറ്റിക്സ് ചർച്ച ചെയ്യാറുള്ളവയാണെന്നും ഈ ചിത്രവും അതിൽ നിന്ന് വിഭിന്നമല്ലെന്നും താരം കൂട്ടിച്ചേർത്തു.
എന്ന് നിന്റെ മൊയ്ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിസാം ബഷീറിന്റെ റോഷാക്കിനും ഇബിലീസിനും തിരക്കഥയൊരുക്കിയ സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. സോഷ്യോ-പൊളിറ്റിക്കൽ ഡാർക്ക് ഹ്യൂമർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൃഥ്വിരാജിനും പാർവതിക്കും പുറമെ അശോകൻ, മധുപാൽ, ലുക്മാൻ അവറാൻ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ഗണപതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
ഇ4 എന്റർടൈൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. നിസാം ബഷീറിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Unprecedented making in Malayalam, along with strong politics; Parvathy Thiruvoth on ‘I Nobody’


