തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേരളത്തിലെ യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ ദേശീയ നേതൃത്വം ഒരുങ്ങുന്നു. സംഘടനയിൽ സജീവമല്ലാത്ത മുപ്പതിലേറെ സംസ്ഥാന ഭാരവാഹികളെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനാണ് നീക്കം. കേരളത്തിൽ സംഘടന പൂർണ്ണമായും നിർജ്ജീവമാണെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.
സംസ്ഥാനത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഫെബ്രുവരി ആദ്യവാരം കേരളത്തിലെത്തും. സർക്കാരിനെതിരായ സമരങ്ങളിലോ പ്രക്ഷോഭങ്ങളിലോ സംഘടന വേണ്ടത്ര സജീവമാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പല സംസ്ഥാന ഭാരവാഹികളും യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും ഏൽപ്പിച്ച ചുമതലകൾ നിറവേറ്റുന്നില്ലെന്നും യോഗം വിലയിരുത്തി.
മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പീഡന പരാതിയെത്തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഇത് സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റിയതിന് പിന്നാലെ ഒ.ജെ. ജനീഷിനെ പുതിയ അധ്യക്ഷനായി നിയമിച്ചെങ്കിലും സംഘടനയെ ചലിപ്പിക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ സംഘടനയെ സജീവമാക്കുകയാണ് ലക്ഷ്യം. പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കൂട്ടനടപടി ഉണ്ടാകുമെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാകും പുതിയ ഭാരവാഹികളെ നിശ്ചയിക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Major shake-up in the State Youth Congress; More than thirty office bearers likely to be expelled



