ഒട്ടാവ: കാനഡയിലെ സ്റ്റുഡന്റ് വിസ നടപടികളിലും വിസ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിലും ഇമിഗ്രേഷൻ വകുപ്പിന് വൻ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഓഡിറ്റർ ജനറൽ തിങ്കളാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടുന്നത്. വിസ നിയമങ്ങൾ ലംഘിച്ചുവെന്ന് സംശയിക്കുന്ന ഒന്നര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കേവലം നാലായിരം എണ്ണത്തിൽ മാത്രമാണ് അന്വേഷണം നടന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി രാജ്യത്തെത്തിയ ശേഷം വിസ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്ന് ഓഡിറ്റർ ജനറൽ കുറ്റപ്പെടുത്തി. 2023, 2024 വർഷങ്ങളിലായി 1,50,000 കേസുകളാണ് വിവിധ കാരണങ്ങളാൽ ഫ്ലാഗ് ചെയ്യപ്പെട്ടത്. എന്നാൽ ഇതിൽ 2.6 ശതമാനം കേസുകൾ മാത്രമാണ് അധികൃതർ പരിശോധിച്ചത്. മതിയായ പരിശോധനകൾ ഇല്ലാത്തത് കാനഡയുടെ ഇമിഗ്രേഷൻ സിസ്റ്റത്തിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലുകൾ ശരിവെച്ച ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ്, വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്ന് ഉറപ്പുനൽകി. “ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് സത്യമാണ്, പക്ഷേ അത് കൂടുതൽ കൃത്യതയോടെയും തുടർച്ചയായും ചെയ്യേണ്ടതുണ്ട്. ഓഡിറ്റർ ജനറലിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു,” എന്ന് മന്ത്രി പ്രതികരിച്ചു. വിവരങ്ങൾ ലഭ്യമാണെങ്കിലും അത് കൃത്യസമയത്ത് പരിശോധിക്കുന്നതിൽ ചില പ്രായോഗിക തടസ്സങ്ങളുണ്ടെന്നും വരും ദിവസങ്ങളിൽ ഈ വിടവുകൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശ വിദ്യാർത്ഥികൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുറത്തുവന്ന ഈ റിപ്പോർട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സ്റ്റുഡന്റ് വിസ പരിശോധനകൾ കടുപ്പിക്കാനും നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ഇമിഗ്രേഷൻ വകുപ്പ് തയ്യാറെടുക്കുകയാണ്. കാനഡയിലെ പഠനവും ജോലിയും സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
Major security breach in Canada's student visa system
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



