മുംബൈ: ദേശീയ രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന വൻ നീക്കത്തിനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം. ഇൻഡ്യ (I.N.D.I.A) സഖ്യത്തിന്റെ മുൻനിര പോരാളിയായിരുന്ന ശരദ് പവാറും കൂട്ടരും ബിജെപി നയിക്കുന്ന എൻഡിഎ പാളയത്തിലേക്ക് ചേക്കേറുന്നതായാണ് സൂചനകൾ. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വഴിത്തിരിവായേക്കാവുന്ന ഈ ലയനം ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇതോടെ അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും ഒന്നിച്ച് എൻസിപി എന്ന പേരിൽ എൻഡിഎയുടെ ഭാഗമാകും.
അജിത് പവാറിന്റെ മരണശേഷം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എംഎൽഎമാർ ശരദ് പവാർ പാളയത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ, നിലവിലെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ടാണ് ശരദ് പവാർ പക്ഷം എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലയനം പൂർത്തിയാകുന്നതോടെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും.
ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താനും എൻഡിഎ നേതൃത്വവുമായി ധാരണയായതായാണ് റിപ്പോർട്ടുകൾ. പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചർച്ചകളിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനായി ചുക്കാൻ പിടിച്ച ശരദ് പവാറിന്റെ ഈ ചുവടുമാറ്റം ഇൻഡ്യ സഖ്യത്തിന് വലിയ തിരിച്ചടിയാകും.
ലോക്സഭയിൽ എട്ട് എംപിമാരുള്ള ശരദ് പവാർ പക്ഷം എൻഡിഎയിലേക്ക് എത്തുന്നതോടെ കേന്ദ്ര സർക്കാരിന് സഭയിൽ കൂടുതൽ കരുത്തുലഭിക്കും. പാർട്ടിയുടെ ശക്തികേന്ദ്രമായ ബാരാമതി ഉൾപ്പെടെയുള്ള മേഖലകളിൽ സ്വാധീനം നിലനിർത്താനും കുടുംബത്തിലെ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടുപോകാനുമാണ് പവാർ കുടുംബത്തിന്റെ പുതിയ നീക്കം. ഫെബ്രുവരി എട്ടിലെ ലയന പ്രഖ്യാപനത്തോടെ മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകും.
Major political upheaval in Maharashtra; Sharad Pawar joins NDA, Supriya Sule may become Union Minister
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



