വിനിപെഗ്: വിനിപെഗിലെ ഡോക്ടർ നാസ്മുൻ നഹർ ഭുയ്യാനെതിരെ നിരവധി രോഗികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികൾ സ്വീകരിച്ച് കോളേജ് ഓഫ് ഫിസീഷ്യൻസ് ആൻഡ് സർജൻസ്സ് മാനിറ്റോബ (CPSM) . 2023-ൽ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവകരമായി അന്വേഷിച്ച ശേഷമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
2021 മുതൽ 2023 വരെയുള്ള കാലയളവിൽ ശാരീരിക പരിശോധന നടത്താതെ ചികിത്സ നൽകുക, തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ രേഖകൾ തയ്യാറാക്കുക, അന്വേഷണത്തിനിടെ മെഡിക്കൽ കോളേജിനെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കുക തുടങ്ങിയ പന്ത്രണ്ടോളം കുറ്റങ്ങൾ ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം പ്രൊഫഷണൽ അച്ചടക്കലംഘനമായും അഞ്ചെണ്ണം തെറ്റിദ്ധരിപ്പിച്ചതായും അന്വേഷണ സമിതി കണ്ടെത്തി.
ലൈംഗികരോഗം ബാധിച്ചിട്ടുണ്ടാകുമോ എന്ന് പേടിച്ച് എത്തിയ രോഗിയെ പരിശോധിക്കാനോ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനോ ഡോക്ടർ തയ്യാറായില്ല. എന്നാൽ പിന്നീട്, രോഗിയെ കൃത്യമായി പരിശോധിച്ചു എന്ന് കാണിച്ച് കള്ള രേഖകൾ ഉണ്ടാക്കി. ഇതുൾപ്പെടെയുള്ള അതീവ ഗൗരവകരമായ തെറ്റുകളാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അധികൃതർ കണ്ടെത്തി. കുട്ടികളെ നേരിട്ട് കാണാതെ മരുന്ന് നിർദ്ദേശിക്കുക, പ്രായപൂർത്തിയായ രോഗിയെ സഹായി കൂടെയില്ലെന്ന കാരണത്താൽ ചികിത്സിക്കാൻ വിസമ്മതിക്കുക, ബൈപോളാർ രോഗിയുടെ മരുന്ന് പെട്ടെന്ന് നിർത്തി ചികിത്സാ അവസാനിപ്പിച്ചതിനെക്കുറിച്ച് തെറ്റായ വിശദീകരണം നൽകുക തുടങ്ങിയവയും ശിക്ഷാനടപടിക്ക് കാരണമായി.
മെഡിക്കൽ കോളേജിന്റെ തീരുമാനപ്രകാരം ഡോക്ടർ ഇനി മുതൽ കർശനമായ മേൽനോട്ടത്തിൽ മാത്രമേ പ്രാക്ടീസ് ചെയ്യാൻ പാടുള്ളൂ. ചികിത്സയുടെ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഡോക്ടർ, ആഴ്ചതോറും അനുസരണ റിപ്പോർട്ട് സമർപ്പിക്കണം. കൂടാതെ അന്വേഷണ ചെലവിലേക്കായി 30,000 ഡോളർ പിഴയടയ്ക്കാനും നിർദ്ദേശമുണ്ട്. മെഡിക്കൽ നൈതികതയുടെ അടിസ്ഥാന മൂല്യമായ സത്യസന്ധത ലംഘിക്കപ്പെട്ടുവെന്നും ഭാവിയിൽ ഈ നടപടികൾ പരിഷ്‌കരിക്കാൻ സാധ്യതയുണ്ടെന്നും CPSM അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Major lapse in treatment: CPSM takes action against Winnipeg doctor



