ഒന്റാരിയോ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (OINP) കീഴിലുള്ള എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകളിൽ 2025 ജൂലൈ 2 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിൽ അപേക്ഷകർക്ക് നേരിട്ട് താൽപ്പര്യം (Expression of Interest – EOI) സമർപ്പിക്കാൻ സാധിച്ചിരുന്ന സ്ഥാനത്ത് ഇനി തൊഴിലുടമകൾക്കാണ് മുൻഗണന ലഭിക്കുക. ഇത് അപേക്ഷാ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
പുതിയ മാറ്റമനുസരിച്ച്, ഈ സ്ട്രീമുകളിൽ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് സ്വന്തമായി EOI സമർപ്പിക്കാൻ സാധിക്കില്ല. പകരം, തൊഴിലുടമ ആദ്യം ഒരു പുതിയ പോർട്ടലിലൂടെ തങ്ങളുടെ വിവരങ്ങളും ജോലി ഒഴിവുകളുടെ വിശദാംശങ്ങളും നൽകി ഒരു പ്രൊഫൈൽ ഉണ്ടാക്കണം. തൊഴിലുടമയുടെ ഈ നടപടിക്ക് ശേഷം മാത്രമേ അപേക്ഷകന് താൽപ്പര്യം (EOI) സമർപ്പിക്കാൻ കഴിയൂ.
അനാവശ്യമായുള്ള അപേക്ഷകൾ കുറയ്ക്കാനും ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) പാഴാകുന്നത് ഒഴിവാക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. തൊഴിലുടമയുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ അപേക്ഷാ പ്രക്രിയ കൂടുതൽ വേഗത്തിലാകുമെന്നും കാര്യക്ഷമമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.



